KOYILANDY DIARY.COM

The Perfect News Portal

ആറന്മുള : ബിജെപി സംസ്ഥാന ഘടകത്തെ തള്ളി കേന്ദ്രം കുമ്മനത്തിന്റെ ആവശ്യം പരിഗണിക്കാതെ കെ.ജി.എസ്. ഗ്രൂപ്പിന് അനുമതി നൽകി

ന്യുഡല്‍ഹി> ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അഭിപ്രായത്തെ തള്ളി കേന്ദ്രം. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കേന്ദ്രം കെജിഎസ് ഗ്രൂപ്പിന് അനുമതി നല്‍കി. ഇക്കാര്യത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളെല്ലാം അവഗണിച്ചാണ് അനുമതി. അനുമതി കൊടുക്കില്ലെന്ന് മുന്‍ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ ഉറപ്പുനല്‍കിയിരുന്നു. അതും ലംഘിച്ചാണ് ഇപ്പോഴത്തെ തീരുമാനം.

പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര പ്രതിരോധ, ആഭ്യന്തര, വ്യോമയാന വകുപ്പുകളുടെ അനുമതിയുണ്ടെന്ന തങ്ങളുടെ വാദം അംഗീകരിച്ചാണ് ഉത്തരവെന്നാണു കമ്ബനിയുടെ അവകാശവാദം. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ കെജിഎസ് ഗ്രൂപ്പിന്റെ വിശദീകരണം തൃപ്തികരമാണെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ബിജെപി നേതൃത്വം ആറന്മുള വിമാനത്താവള പദ്ധതിക്കെതിരാണ്. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു. ആറന്മുള വിമാനത്താവളത്തിനായി ഹരിത ട്രിബ്യൂണല്‍ എന്നേക്കുമായി അനുമതി നിഷേധിച്ചതാണ്. വിമാനത്താവളത്തിനായി നികത്തിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് കൃഷി ആരംഭിക്കണമെന്നും കുമ്മനം ജൂലൈയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെയാണ് കേന്ദ്രം വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

Advertisements

കഴിഞ്ഞ ജൂലൈയിലാണ് പദ്ധതി സംബന്ധിച്ച്‌ പഠനം നടത്തുന്നതിനായി കെജിഎസ് ഗ്രൂപ്പ് വനംപരിസ്ഥിതി മന്ത്രാലയത്തിന് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നുവെങ്കിലും പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി റദ്ദാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ പഠനത്തിന് പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കാനായുള്ള അപേക്ഷ വീണ്ടും കേന്ദ്രത്തിന് നല്‍കിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്.

വിമാനത്താവളം തുടങ്ങണമെങ്കില്‍ പാരിസ്ഥിതിക അനുമതി, പ്രതിരോധ മന്ത്രാലയത്തിന്റെ എന്‍ഒസി., കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി എന്നിവ ആവശ്യമാണ്. ഏകദേശം 700 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവള നിര്‍മ്മാണ പദ്ധതി. വിമാനത്താവള പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ പ്രക്ഷോഭം നടത്തിവരുകയാണ്. വിമാനത്താവളം വന്നാല്‍ അത് ഗുരുതരമായ പാരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെയാണ് കേന്ദ്രം പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Share news