ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ ബാലരാമന് നിര്യാതനായി
ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂരിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ദീര്‍ഘകാലം സി പി ഐ (എം) ഫറോക്ക് ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ബേപ്പൂര്‍ മാറാട് സ്വദേശി കെ ബാലരാമന് (84) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയോളമായി ഇവിടെ ചികിത്സയിലായിരുന്നു.
ബേപ്പൂര്‍ നിയോജക മണ്ഡലത്തിലും പരിസരങ്ങളിലും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സി പി ഐ – എമ്മിന്റെയും വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച ബാലരാമന് സി പി ഐ -എം ബേപ്പൂര്‍ ലോക്കല്‍ സെക്രട്ടറി, ബേപ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഡയറക്ടര്‍, പഞ്ചായത്ത് ബോര്‍ഡ് അംഗം, ബേപ്പൂര്‍ മറൈന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ബേപ്പൂര്‍ ഫ്രണ്ട്സ് എഞ്ചിനീയറിങ്ങ് വര്‍ക്ക് സ് മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

കര്‍ഷകത്തൊഴിലാളി യൂണിയന് നേതാവായി പ്രവര്‍ത്തിച്ച് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കി. മിച്ചഭൂമി ,കുടികിടപ്പ് സമരങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്നു. അടിയന്തിരാവസ്ഥയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി. ജയില്‍വാസവുമനുഭവിച്ചു.

മാറാട് കലാപമുണ്ടായപ്പോള്‍ സാമുദായിക ഐക്യത്തിനായി ജീവന് പണയപ്പെടുത്തി രംഗത്തിറങ്ങി.ഇരു വിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിനായി സ്വന്തം വീട്ടില്‍ മതേതര ക്യാമ്ബ് തുടങ്ങി മാതൃക കാട്ടി.ജീവിതാന്ത്യം വരെയും സിപിഐ- എം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിലവില്‍ പാര്‍ടി അരക്കിണര്‍ ലോക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭാര്യ : ബേപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ ലീല .മക്കള്‍: പ്രസൂണ്‍ ( ആയൂര്‍വേദ സൊസൈറ്റി ), കെ അനൂപ് കുമാര്‍ (ബേപ്പൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), കെ സുനിത ( കെഡിസി ബാങ്ക്) .മരുമക്കള്‍: നിജി ,പ്രമിത, പരേതനായ സജീന്ദ്രന് കോട്ടൂളി
