KOYILANDY DIARY.COM

The Perfect News Portal

ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത, മദ്യം നല്‍കി അടിമവേല ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് മാതാവ്

മലപ്പുറം: ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത, മദ്യം നല്‍കി അടിമവേല ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് മാതാവ്  മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചീങ്കണ്ണിപാലി കരിമ്പ്‌ കോളനിയിലെ സുരേഷി(24)ന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നും മാതവും ബന്ധുക്കളും ആവശ്യപ്പെട്ടു.കക്കാടം പൊയില്‍ സ്വദേശിയുടെ ഫാം ഹൗസില്‍ തൊഴിലാളിയായ സുരേഷിനെ കഴിഞ്ഞ 28ന് രാവിലെ എട്ടിന് ജോലിക്കായി കൊണ്ടുപോയിരുന്നു.

തുടര്‍ന്ന് മാര്‍ച്ച്‌ അഞ്ചിന് വൈകിട്ട് 5.30ന് സുരേഷിന്റെ മൃതദേഹമാണ് വീട്ടിലെത്തിച്ചത്. മൃതദേഹം രാത്രി 8.30ന് ബന്ധുക്കളെല്ലാം എത്തും മുമ്പ്‌ മറവു ചെയ്യുകയായിരുന്നു. ചുഴലി രോഗത്താല്‍ മരത്തില്‍ നിന്ന് വീണാണ് മരിച്ചതെന്ന് തലേന്ന് സുരേഷിന്റെ അമ്മാവനെ ഫാം ഉടമ അറിയിച്ചിരുന്നു. പരാതിയില്ലെന്ന് ഇയാളില്‍ നിന്ന് എഴുതി വാങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ സുരേഷിന് ചുഴലിരോഗമുണ്ടായിരുന്നില്ലെന്നും മാതാവ് വ്യക്തമാക്കുന്നു.

സുരേഷടക്കമുള്ള ആദിവാസികളെ ഫാമുടമ ചാരായം വാറ്റാന്‍ ഉപയോഗിച്ചിരുന്നതായും ന്യായമായ കൂലിക്ക് പകരം മദ്യം നല്കി അടിമവേല ചെയ്യിക്കുകയായിരുന്നെന്നും മാതാവ് പറഞ്ഞു. ഫാമില്‍ വ്യാജവാറ്റ് നടക്കുന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് അറിവുള്ളതായിരുന്നെന്നും എന്നാല്‍ നടപടിയുണ്ടാവാറില്ലെന്നും ഇവര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം സംഭവിച്ചത് നാലിന് രാത്രി 8.30നെന്നാണ് പറയുന്നത്. ഇത് സംശയത്തിനിടയാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരേഷിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Advertisements

മരണം നടന്നിട്ടും ബന്ധപ്പെട്ട തിരുവാമ്ബാടി പൊലീസ് സ്റ്റേഷനില്‍ നിന്നും സുരേഷ് താമസപരിധിയിലുള്ള അരീക്കോട് സ്റ്റേഷനില്‍ വിവരമറിയിക്കാത്തതും ദുരൂഹത ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സുരേഷിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്നും ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ജയശ്രീ ചാത്തനാത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്കിയതായും ഇവര്‍ അറിയിച്ചു. തിരുവമ്ബാടി എസ് ഐ, ഫാമുടമയ്ക്കും ഭാര്യയ്ക്കുമെതിരെയാണ് പരാതിയുള്ളത്.

സുരേഷിന്റെ മാതാവ് ചിന്നമ്മ, വല്യമ്മ ചിരുത, രണ്ടാനഛന്‍ സനൂജ്, എസ് ടി പ്രമോട്ടര്‍ മിനി, ശ്രീജ, കൃപകൃഷ്ണന്‍ കുട്ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *