അശ്വതിക്കും, കൂട്ടുകാർക്കും സ്കൂളിലേക്ക് വരാനുള്ള വഴി സഞ്ചാര യോഗ്യമാക്കണം: നിവേദനവുമായി സഹപാഠികൾ

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ രണ്ടാം ക്ലാസിലെ അശ്വതിക്കും, കൂട്ടുകാർക്കും സ്കൂളിലേക്ക് വരാനുള്ള ഇടവഴി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സ്കൂൾ ലീഡർ ഹൈഫ ഖദീജയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ .വി.വി.സുരേഷിന് നിവേദനം നൽകി.
സ്കൂളിന് തൊട്ടടുത്തുള്ള ഇടവഴിയിലൂടെ മഴക്കാലത്ത് മലിനജലം കെട്ടിക്കിടക്കുന്നത് കാരണം നടക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. രണ്ടാം ക്ലാസുകാരിയായ അശ്വതിക്ക് ഈ ഇടവഴിയിലൂടെ മാത്രമെ സ്കൂളിലെത്താൻ സാധിക്കുകയുള്ളൂ. കഴിഞ്ഞയാഴ്ച അശ്വതിയുടെ സഹോദരിയായ നീലിമക്ക് എലിപ്പനി റിപ്പോർട്ട് ചെയ്തത് കാരണം ഈ മലിനജലത്തിലൂടെ നടക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കി ദിവസങ്ങളോളം അശ്വതി സ്കൂളിലെത്തിയിരുന്നില്ല. കാലിന് ചൊറിച്ചിൽ ഉൾപ്പെടെ അസുഖങ്ങളും ഉണ്ടാവുന്നുണ്ട്.
സ്കൂളിലെ മറ്റു കുട്ടികളും ഈ ഇടവഴിയാണ് സ്കൂളിലേക്ക് വരാറുള്ളത്. അവരൊക്കെ മഴക്കാലത്ത് വഴി മാറി സഞ്ചരിക്കുമ്പോൾ അശ്വതിക്ക് സ്കൂളിലേക്കെത്താൻ വേറെ വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്. മഴക്കാലമായാൽ ദുരിതപൂർണ്ണമായ യാത്ര നടത്തേണ്ടി വരുന്ന ഈ വഴി സഞ്ചാരയോഗ്യമാക്കി തീർക്കാൻ മുമ്പ് പല തവണ കുട്ടികൾ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.
പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് വാർഡ് മെമ്പർ കുട്ടികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ ഡെപ്യൂട്ടി ലീഡർ ധനഞ്ജയ് എസ് വാസ്, അശ്വതി എന്നിവർ പങ്കെടുത്തു.
