അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍

കൊച്ചി: പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ ലഭിച്ചത് അഞ്ച് കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ശരിവെക്കുകയായിരുന്നു. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ജിഷ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് കോടതി വിലയിരുത്തി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ജിഷ വധക്കേസ് നിര്‍ഭയ കേസിന് സമാനമായി പരിഗണിക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതില്‍ വാദിച്ചത്.

എന്നാല്‍ ദൃക്സാക്ഷികളില്ലാത്ത കേസാണിതെന്നും ഡിഎന്‍എ പരിശോധഫലം എന്ന പുകമറ സൃഷ്ടിച്ച് പ്രോസിക്യൂഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം വാദിച്ചു. ഇരു ഭാഗത്തിന്റെയും വാദം കേട്ടശേഷം ശിക്ഷ പ്രഖ്യാപിക്കുന്നത് കോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തെ അന്തിമ വാദത്തിനൊടുവില്‍ അമീര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഘം അടക്കം അഞ്ച് ഗുരുതരമായ കുറ്റങ്ങള്‍ അമീര്‍ ചെയ്തിട്ടുണ്ടെന്ന് കോടതി ഉറപ്പിച്ചു.

കൊലപാതകം, ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ അടക്കമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായാണ് കോടതി കണ്ടെത്തിയത്. അതേസമയം പട്ടിക വര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചു. ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയത്.
ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമിറുള്‍ ഇസ്ലാമിന്റെ ഉമിനീര്‍, കത്തിയില്‍നിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം തുടങ്ങി നിരവധി ശാസ്ത്രീയ തെളിവുകളാണ് ജിഷയുടെ വീട്ടില്‍ നിന്നും പൊലീസ് ശേഖരിച്ചിരുന്നത്. കേരളത്തില്‍ ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ തെളിയിച്ച കേസ് കൂടിയാണ് ജിഷ വധക്കേസ്.
എന്നാല്‍ കോടതി വിധി കേള്‍ക്കാന്‍ എത്തിയ അമീറുല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നുമാണ് പറഞ്ഞത്. ജിഷയെ കൊലപ്പെടുത്തിയത് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് കോടതിക്ക് പുറത്തുവച്ച് അമിറുള്‍ മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു.
