KOYILANDY DIARY.COM

The Perfect News Portal

അച്ഛന്‍ മരിച്ചതറിയാതെ മകള്‍ വിവാഹിതയായി

തിരുവനന്തപുരം: കരമന സ്റ്റേഷനിലെ എസ്‌ഐ നീണ്ടകര പുത്തന്‍തുറ ചമ്പോളില്‍ തെക്കതില്‍ പി. വിഷ്ണുപ്രസാദ് (55) ഇളയ മകള്‍ ആര്‍ച്ചയുടെ വിവാഹത്തലേന്നു സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ രാത്രി 9.30നു സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു. പാട്ടു പാടിക്കൊണ്ടിരുന്ന വിഷ്ണുപ്രസാദ് സ്റ്റേജില്‍ വീഴുന്നതു കണ്ട് ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ഇക്കാര്യങ്ങളൊന്നും ആര്‍ച്ചയെ അറിയിച്ചില്ല. വരന്റെ ബന്ധുക്കളില്‍ ചിലരെയും അടുത്ത ബന്ധുക്കളെയും മാത്രമാണു വിവരം അറിയിച്ചത്.

ആര്‍ച്ച ഒന്നും അറിയാതിരിക്കാന്‍ ദുഃഖം ഉള്ളിലൊതുക്കി സന്തോഷം അഭിനയിക്കാന്‍ പാടുപെടുകയായിരുന്നു ബന്ധുക്കള്‍. പരിമണം ദുര്‍ഗാദേവി ക്ഷേത്രം വക ഓഡിറ്റോറിയത്തില്‍ കടയ്ക്കല്‍ സ്വദേശി വിഷ്ണുപ്രസാദ് ആര്‍ച്ചയുടെ കഴുത്തില്‍ താലികെട്ടി. തുടര്‍ന്ന് ഇരുവരും വരന്റെ വീട്ടിലേക്കു പോയി. അച്ഛന്റെ മരണ വിവരം ഇന്നു സംസ്കാരത്തിനു തൊട്ടുമുന്‍പ് മാത്രം ആര്‍ച്ചയെ അറിയിച്ചാല്‍ മതിയെന്നാണു ബന്ധുക്കളുടെ തീരുമാനം. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണു വിഷ്ണുപ്രസാദിന്റെ മരണം. സംസ്കാരം ഇന്ന് 4ന്. ജെ.സുഷമയാണ് ഭാര്യ. അനുപ്രസാദ്, ആര്യ പ്രസാദ് എന്നിവരാണു മറ്റു മക്കള്‍. മരുമകന്‍: വി.ഷാബു.

‘അമരം’ എന്ന ചലച്ചിത്രത്തിലെ ‘വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു’ എന്ന ഗാനമാണ് വിഷ്ണുപ്രസാദ് പാടിയത്. ‘രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ.. നിന്‍ മൗനം പിന്‍വിളിയാണോ…’ എന്നു പാടി അല്‍പം കഴിഞ്ഞതോടെ കുഴഞ്ഞുവീണു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *