KOYILANDY DIARY.COM

The Perfect News Portal

മയക്കുമരുന്ന് മാഫിയകളെ ഇല്ലാതാക്കാൻ യുവ ജനപ്രതിനിധികൾ നേതൃത്വം നൽകണം; മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയകളെ ഇല്ലാതാക്കാനുള്ള നടപടികൾക്ക്‌ യുവാക്കളായ ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ ലക്ഷ്യംവയ്‌ക്കുന്ന ഇത്തരം സംഘങ്ങളെ ഇല്ലാതാക്കാൻ കൂട്ടായ പരിശ്രമം വേണം. കേരള യൂത്ത് ലീഡർഷിപ് അക്കാദമി (കൈല)യും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനും (കില) ചേർന്ന് യുവജനപ്രതിനിധികൾക്ക്‌ നടത്തിയ പരിശീലനം “യുവശക്തി’യുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയിൽ കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകൾക്ക്‌ ഒരേ സ്ഥാനമാണുള്ളത്‌. ഇതിൽത്തന്നെ നിരവധി ചുമതലകൾ നിർവഹിക്കാൻ തദ്ദേശ ജനപ്രതിനിധികൾ ബാധ്യസ്ഥരാണ്‌. അതിൽ യുവാക്കളുടെ പ്രവർത്തനം ഏറെ പ്രാധാന്യം അർഹിക്കുന്നു. പ്രളയകാലത്തും കോവിഡ്‌ കാലത്തും യുവാക്കളുടെ പ്രസക്തി നാം മനസ്സിലാക്കിയതാണ്‌. അതിനൊപ്പം ഭരണമികവ്‌ കൂടി ഉണ്ടാക്കാൻ ഈ ശിൽപ്പശാല സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്‌ത്രീയമായ മാലിന്യസംസ്കരണത്തിനും യുവജന പ്രതിനിധികൾ മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്‌ 30 വയസ്സിന്‌ താഴെയുള്ള ആയിരത്തോളം ജനപ്രതിനിധികളും 25 വയസ്സിന്‌ താഴെയുള്ള 1600ഓളം ജനപ്രതിനിധികളുമാണുള്ളത്‌. 12 ബാച്ചിലായി ഇവർക്ക്‌ പരിശീലനം നൽകി. മന്ത്രി എം ബി രാജേഷ്‌ അധ്യക്ഷനായി. കില ഡയറക്ടർ ഡോ. ജോയ്‌ ഇളമൺ, വി കെ പ്രശാന്ത്‌ എംഎൽഎ, എം ഡി ജംഷീർ, ഡോ. ഫസീല, അർജുൻ പാണ്ഡ്യൻ തുടങ്ങിയവരും പങ്കെടുത്തു.

Advertisements

 

Share news