മുൻ ഡിജിപി സെൻകുമാറിനെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
.
കൊയിലാണ്ടി കൊല്ലത്തെ തീരദേശ വാസികളെ അപമാനിച്ച മുൻ ഡിജിപി ടി.പി സെൻകുമാറിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ രംഗത്ത്. സെൻകുമാറിനെ കൊല്ലത്തേക്ക് ക്ഷണിക്കുകയാണെന്നും സമയവും സന്ദർഭവും അദ്ദേഹത്തിന് തീരുമാനിക്കാമെന്നും ദുൽഖിഫിൽ പറഞ്ഞു. ഒറ്റക്ക് പോകാൻ ഭയമാണെങ്കിൽ സെൻകുമാറിനൊപ്പം യൂത്ത് കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹി എന്ന നിലയിൽ കൂടെ വരാമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലിസിന് പോലും കടന്ന് വരാൻ ഭയമുള്ള ഒരു പ്രദേശമാണ് കൊല്ലം തീരദേശം എന്ന സെൻകുമാറിന്റെ പ്രസ്താവന ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്ന് ദുൽഖിഫിൽ പറഞ്ഞു. പ്രസ്താവന പിൻവലിക്കണമെന്നും അദ്ധേഹം കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.
.

.
തീരദേശത്തെ ജനങ്ങളെ അപമാനിച്ച മുൻ ഡിജിപി സെൻകുമാർ ആ പദവിയിൽ ഇരുന്നു എന്നു പറയുന്നത് തന്നെ കേരള ജനതയ്ക്ക് അപമാനമാണെന്നും ദുൽഖിഫിൽ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി കടപ്പുറത്തെ ജനങ്ങളെ അപമാനിച്ച ടി പി സെൻകുമാർ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലിനോടും കടലമ്മയോടും മല്ലിട്ട് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികളെ അപമാനിച്ച സെൻകുമാറിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ദുൽഖിഫിൽ അറിയിച്ചു.



