തിരുവനന്തപുരത്ത് 40 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് 40 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് പിടിയിലായി. യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി ഷൈജു മാലിക്കിനെയാണ് എക്സൈസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്തുനിന്ന് ഗോവ രജിസ്ട്രേഷനിലുള്ള കാറിലാണ് 40 കിലോ കഞ്ചാവുമായി ഇയാൾ എത്തിയത്.

കാറിനെ പിന്തുടർന്നെത്തിയ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം ബാലരാമപുരം ജങ്ഷനിൽവച്ച് പിടികൂടുകയായിരുന്നു. ദിവസങ്ങളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എംബിഎക്കാരനായ ഷൈജു വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് വിൽക്കുന്നതായി എക്സൈസ് പറയുന്നു. പൂവച്ചൽ കൊണ്ണിയൂർ സ്വദേശിയായ ഇയാൾ കോൺഗ്രസിന്റെ സൈബർ പോരാളിയാണ്.

