KOYILANDY DIARY.COM

The Perfect News Portal

ഫണ്ട് തിരിമറി വിവാദത്തില്‍ വ്യക്തമായ കണക്ക് അവതരിപ്പിക്കാന്‍ ആകാതെ യൂത്ത് കോണ്‍ഗ്രസ്

ഫണ്ട് തിരിമറി വിവാദത്തില്‍ വ്യക്തമായ കണക്ക് അവതരിപ്പിക്കാന്‍ ആകാതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ വിചിത്ര വാദത്തിനും വ്യക്തമായ മറുപടി നല്‍കാനും വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സാധിച്ചില്ല.

40 മണ്ഡലങ്ങളിലും സംസ്ഥാനത്തിന് പുറത്തും നിന്ന് സമാഹരിച്ച തുകയുടെ കണക്കാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. വ്യാപകമായി ധനശേഖരണം നടത്തിയെന്ന് രാഹുല്‍ തന്നെയാണ് പറഞ്ഞത്. ഇപ്രകാരം ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ സമാഹരിച്ചാല്‍ പോലും രണ്ടുകോടി 80 ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്ക് എത്തും. എന്നാല്‍ രാഹുല്‍ പറയുന്നത് 86 ലക്ഷം രൂപ മാത്രം കിട്ടിയെന്നാണ്.

കേറ്ററിങ്ങിന് (catering) പോയിട്ടും മീന്‍ വിറ്റിട്ടും ഒരു മണ്ഡലത്തില്‍ നിന്ന് 62,000 രൂപയില്‍ താഴെ മാത്രമേ കിട്ടിയുള്ളൂ എന്നാണ് രാഹുല്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസിനെ ജനങ്ങള്‍ തിരസ്‌കരിച്ചത് ആണോ? തിരസ്‌കരിച്ചില്ലെങ്കില്‍ എന്തുകൊണ്ട് ധനശേഖരണം പ്രഖ്യാപിച്ച ലക്ഷ്യത്തിലേക്ക് എത്തിയില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. രണ്ടുകോടി 40 ലക്ഷം രൂപയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇനി ലക്ഷ്യം നേടിയില്ലെങ്കില്‍ ധനശേഖരണം പാതിവഴി യൂത്ത് കോണ്‍ഗ്രസ് നിര്‍ത്തിയോയെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കണം.

Advertisements

ജനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വീകരിച്ചെങ്കില്‍ തുക 86 ലക്ഷത്തില്‍ ഒതുങ്ങുമോ. ഇത്തരം ചോദ്യങ്ങള്‍ക്ക് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ക്ക് അടിപതറുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്ന പറയുന്ന രേഖകളാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അവതരിപ്പിച്ചത്.ഓഡിറ്റ് റിപ്പോര്‍ട്ടോ ഇത് സംബന്ധിച്ച ആധികാരികമായ സംഘടനാ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് പകരമാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നു പറയുന്ന പേപ്പറുകളുമായി വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ എത്തിയത്. ഇതോടെ നേതൃത്വത്തിനെതിരായുള്ള ആരോപണത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധിക്കാതെ വരുകയാണ്.

Share news