KOYILANDY DIARY.COM

The Perfect News Portal

നൗഷാദ് തിരോധാനക്കേസിൽ പൊലീസിനെ ന്യായീകരിച്ച് വനിതാ കമ്മീഷൻ

പത്തനംതിട്ട നൗഷാദ് തിരോധാന കേസിൽ പൊലീസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. പൊലീസ് മികച്ച ഇടപെടൽ നടത്തി, കേസിൽ നല്ല ജാഗ്രത കാട്ടി. അത് കൊണ്ടാണ് വേഗത്തിൽ നൗഷാദിനെ കണ്ടെത്തിയത്. അഫ്സാനയുടെ പരാതി കമ്മീഷന് മുന്നിൽ വന്നിട്ടില്ലെന്നും പി സതീദേവി പ്രതികരിച്ചു.

ഇതിനിടെ നൗഷാദ് തിരോധാന കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു എന്ന് പറയേണ്ടിവന്നത് പൊലീസിന്റെ മർദനത്തെ തുടർന്നാണെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഉത്തരവ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ ബീനാകുമാരി ആവശ്യപ്പെട്ടു. പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും വായിൽ പെപ്പർ സ്പ്രേ അടിച്ചെന്നും അഫ്സാന പറഞ്ഞ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Advertisements

ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം യുവാവിനെയും കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചതായി റിപ്പോർട്ട്. അഫ്സാനയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് രാജേഷ് എന്നയാളുടെ പേര് പരാമര്‍ശിക്കുന്നത്.

 

നൗഷാദ് തിരികെയെത്തിയില്ലായിരുന്നെങ്കില്‍ രാജേഷും കേസില്‍ പ്രതിയാകുമായിരുന്നു. രാജേഷ് എന്ന സുഹൃത്തിന് കേസില്‍ പങ്കുണ്ടെന്ന് അഫ്സാന മൊഴിനല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്സാന മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നൗഷാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി മൊഴിയുണ്ടായിരുന്നതായി പൊലീസ്. 

Share news