KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍ മലക്കപ്പാറയില്‍ കാട്ടാന ആക്രമണം; സ്ത്രീ മരിച്ചു

തൃശൂര്‍ മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. തമിഴ്‌നാട് ചെക്‌പോസ്റ്റിന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. 75 വയസുകാരിയായ മേരിയാണ് മരിച്ചത്. മലക്കപ്പാറ സ്വദേശിയായ മേരിയുടെ വീടിന് പരിസരത്ത് അര്‍ദ്ധരാത്രിയോടെ കാട്ടാനകള്‍ എത്തിയിരുന്നു. കാട്ടാന വീടിന്റെ പിന്‍ഭാഗം തകര്‍ത്തു. ഇതോടെ വീട്ടില്‍ ഉറങ്ങിയിരുന്ന മേരിയും മകളും വീടിന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടുന്നതിനിടെയാണ് മേരിക്ക് നേരെ കാട്ടാന പാഞ്ഞടുത്ത് ആക്രമിച്ചത്.

തമിഴ്‌നാട് അതിര്‍ത്തിയിലാണ് മേരിയും കുടുംബവും താമസിക്കുന്നതെങ്കിലും ഇവര്‍ മലയാളികളാണ്. പ്രദേശത്ത് വന്യജീവി ആക്രമണങ്ങള്‍ വ്യാപകമാണ്. ഇന്നലത്തെ ആക്രമണത്തില്‍ നിന്ന് മേരിയുടെ മകള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അമ്മയെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി എറിഞ്ഞെന്നാണ് മേരിയുടെ മകള്‍ പറയുന്നത്. മേരിയെ പിന്നീട് നാട്ടുകാര്‍ വാല്‍പ്പാറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Share news