KOYILANDY DIARY.COM

The Perfect News Portal

അറബിക്കടലില്‍ തീപിടിച്ച വാൻഹായില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ കേരള തീരത്തടിയുമെന്ന് മുന്നറിയിപ്പ്

അറബിക്കടലില്‍ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പല്‍ വാൻഹായില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ ഇന്നുമുതല്‍ കേരള തീരത്തടിയുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ആലപ്പുഴ കൊല്ലം ജില്ലകളുടെ തീരങ്ങളിൽ അടിയാനാണ് സാധ്യത. കപ്പലിൽ നിന്നാണോ എന്ന് സംശയിക്കുന്ന ഇരുമ്പ് ബാരൽ ഇന്നു രാവിലെ ചെല്ലാനം കടൽ തീരത്ത് അടിഞ്ഞു.

എറണാകുളം ജില്ലയുടെ തെക്ക് പടിഞ്ഞാറു ഭാഗത്തും ആലപ്പുഴ, കൊല്ലം തീരങ്ങളിലുമാണ് കണ്ടെയ്നറുകള്‍ അടിയാൻ സാധ്യത എന്നാണ് കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും നൽകുന്ന മുന്നറിയിപ്പ്. ബേപ്പൂർ തുറമുഖത്തിനു സമീപം തീ പിടിച്ച വാൻഹായ് കപ്പലിൽ നിന്നും കടലിലേക്ക് വീണ കണ്ടെയ്നറുകളോ അവയ്ക്കുള്ളിൽ ഉണ്ടായിരുന്ന വസ്തുക്കളോ മധ്യകേരളത്തിലെ തീരങ്ങളിൽ അടിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

കണ്ടെയ്നറുകളും കപ്പലും കോഴിക്കോട് ഭാഗത്തു നിന്നും കൊച്ചി ഭാഗത്തേക്കാണ് ഒഴുകി നീങ്ങിയിരുന്നത്. അതുകൂടി കണക്കിലെടുത്താണ് ഇന്നു മുതൽ 18-ാം തീയതി വരെ കൊച്ചി ആലപ്പുഴ തീരങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്. അജ്ഞാത വസ്തുക്കൾ തീരങ്ങളിൽ കണ്ടെത്തിയാൽ തൊടരുത് എന്നും 200 മീറ്റർ ദൂരം അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അജ്ഞാത വസ്തുക്കൾ തീരങ്ങളിൽ അടിഞ്ഞതായി കണ്ടെത്തിയാൽ അടിയന്തിരമായി 112 എന്ന നമ്പറിൽ അറിയിക്കണമെന്നും തീരമേഖലയിൽ ഉള്ളവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisements

 

ഇതിനിടെയാണ് ഇന്ന് രാവിലെ ചെല്ലാനം മാലാഖ പടിയിൽ ഇരുമ്പ് ഡ്രം കടൽത്തീരത്ത് അടിഞ്ഞത്. നാട്ടുകാർ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. കപ്പലിൽ നിന്ന് വീണതാണോ വീപ്പയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബേപ്പൂരിൽ നിന്നും ടഗ് ബോട്ടുകളുടെ സഹായത്താൽ വടം കെട്ടി എത്തിച്ച കപ്പൽ നിലവില്‍ കൊച്ചി തീർത്തു നിന്നും 57 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ഉള്‍ക്കടലിലാണ് നങ്കൂരമിട്ടിട്ടുള്ളത്.

Share news