പുരുഷ കമീഷൻ വേണം; എൽദോസ് കുന്നപ്പള്ളി എംഎൽഎയ്ക്ക് ഡ്രാഫ്റ്റ് നൽകി രാഹുൽ ഈശ്വർ

തിരുവനന്തപുരം: പുരുഷന്മാരുടെ ആത്മാഭിമാന സംരക്ഷണത്തിന് പുരുഷ കമീഷൻ വേണമെന്ന ആവശ്യവുമായി രാഹുൽ ഈശ്വർ. ആണുങ്ങളെ ആരെങ്കിലും വിഷം കൊടുത്തുകൊന്നാൽ പോലും അനുകൂലമായി സ്മരണയോ അനുസ്മരണമോ നടത്താൻ സമൂഹം അനുവദിക്കാത്തതിന്റെ കാരണം കടുത്ത പുരുഷ വിരോധമെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. അതിനാൽ പുരുഷ കമീഷൻ വേണമെന്നും അതിനായി എൽദോസ് കുന്നപ്പള്ളി എംഎൽഎയ്ക്ക് ഡ്രാഫ്റ്റ് നൽകിയെന്നും രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി ജസ്റ്റിസ് കമാൽ പാഷയ്ക്കെതിരെയും ആരോപണം രാഹുൽ ഈശ്വർ ഉന്നയിച്ചിരുന്നു.

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനായി എത്തിയതായിരുന്നു രാഹുൽ ഈശ്വർ. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. എന്നാൽ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുമെന്ന് പ്രചരിപ്പിക്കുന്ന ആഹ്ലാദ പ്രകടനം നിയമവിരുദ്ധമായതിനാൽ പൊലീസ് ഇടപെട്ട് തടയുകയായിരുന്നു.

