KOYILANDY DIARY.COM

The Perfect News Portal

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അഫാൻ്റെ ആരോഗ്യനില തൃപ്തികരം, അറസ്റ്റ് രേഖപ്പെടുത്തുക ഡിസ്ചാർജ് ചെയ്തതിന് ശേഷം

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ ആരോഗ്യനില തൃപ്തികരം. മെഡിക്കൽ ബോർഡ് കൂടി പ്രതിയുടെ ആരോഗ്യനില വിലയിരുത്തിയിട്ടുണ്ട്. ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തു‌ടർനടപടി സ്വീകരിക്കുക. ഇന്നോ നാളെയോ അഫാനെ ഡിസ്ചാർജ് ചെയ്യാനാണ് സാധ്യത. ഇതിനുശേഷമായിരിക്കും അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തുക.

അതേസമയം അഫാൻ്റെ അമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർ അറിയിച്ചു.  പൂർണമായി അപകടനില തരണം ചെയ്തെന്ന് പറയാൻ കഴിയില്ലെന്നും നിലവിൽ ഷെമി പൊലീസിന് മൊഴി കൊടുക്കാൻ കഴിയുന്ന ആരോഗ്യവസ്ഥയിലാണെന്നും ഡോ. കിരൺ രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

 

“തലയിൽ മുറിവുകളുണ്ട്. കഴുത്തിൽ ചെറിയ രീതിയിലുള്ള നിറവ്യത്യാസം ഉണ്ട്. സംസാരിച്ചപ്പോൾ ബന്ധുക്കളെയൊക്കെ അന്വേഷിച്ചു. 48 മണിക്കൂറിന് ശേഷം തലയിൽ ഒരു സ്കാനിങ് കൂടിയുണ്ട്. ഇതിനുശേഷം മാത്രമേ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ കാര്യങ്ങൾ പറയാനാവൂ.”- അദ്ദേഹം പറഞ്ഞു.

Advertisements

 

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ ഏറെ നിർണായകമാകുക പ്രതി അഫാന്റെയും മാതാവ് ഷമിയുടെയും മൊഴികളാണ്. ചികിത്സയിലുള്ള ഷമിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർ അറിയിച്ച സാഹചര്യത്തിൽ ഇരുവരുടെയും മൊഴിയെടുപ്പ് വേഗത്തിലാക്കാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കൂട്ടക്കൊലയ്ക്ക് കാരണം കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത എന്നാണ് പൊലീസിന്റെ നിഗമനം.

Share news