കാഞ്ഞിലശേരി പത്മനാഭന് വീരശൃംഖല സമർപ്പിച്ചു

കൊയിലാണ്ടി: മേള വിദഗ്ധൻ കാഞ്ഞിലശേരി പത്മനാഭനെ വാദ്യകലാകാരൻമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ‘സാദരം ശ്രീപത്മനാഭം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്ന് വീരശൃംഖല സമർപ്പണം നടത്തി.

നടൻ മനോജ് കെ ജയൻ ഉപഹാര സമർപ്പണം നടത്തി. എം ആർ രാഘവ വാര്യർ പൊന്നാടയണിയിച്ചു. പത്മനാഭൻ ചിനംകണ്ടി, ശങ്കരൻകുട്ടി എന്നിവർ ചേർന്ന് പുഷ്പഹാരവും റിജിൽ കാഞ്ഞിലശേരി പുഷ്പ കിരീടവും അണിയിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പ്രശസ്തിപത്ര സമർപ്പണം നടത്തി.
കേരള ക്ഷേത്ര കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിന്ദു സോമൻ, ചേമഞ്ചേരി പഞ്ചായത്തംഗങ്ങളായ സജിത ഷെറി, എന്നിവർ സംസാരിച്ചു. ‘കാഞ്ഞിലശേരി പത്മനാഭൻ ആശാൻറെ വാദ്യ ജീവിതത്തിലൂടെ ഒരു യാത്ര’ ഹ്രസ്വചിത്ര പ്രദർശനവും നടന്നു.
