KOYILANDY DIARY.COM

The Perfect News Portal

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി വർക്കല പാപനാശം ബീച്ചും

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി വർക്കല പാപനാശം ബീച്ചും. ‘ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്. ഗോവയിലെ പലോലം, ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ കടൽത്തീരങ്ങൾ.

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞര്‍ക്കിടയില്‍ ‘വര്‍ക്കല രൂപവത്കരണം’എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകള്‍ ഉള്‍പ്പെട്ട ഭൂഗര്‍ഭ സ്മാരകം പാപനാശത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ്. ലോകമെമ്പാടുമുള്ള യാത്രാ പ്രേമികൾ വായനക്കാരായിട്ടുള്ള പ്രസിദ്ധീകരണമാണ് ലോൺലി പ്ലാനെറ്റ്. ഇന്ത്യയിൽ നിന്ന് മൂന്ന് ബീച്ചുകളാണ് ഈ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.

 

പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം ‘ദക്ഷിണ കാശി’ എന്നും വിശേഷിപ്പിക്കപ്പെടുന്നു. ലവണ ജല ഉറവ, ആയുര്‍വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍ എന്നിവയും വര്‍ക്കലയിലുണ്ട്. മികച്ച പ്രകൃതി – ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലൂടെ വെല്‍നസ് ടൂറിസം കേന്ദ്രമായും വര്‍ക്കല അറിയപ്പെടുന്നു. പാരാസെയിലിംഗ്, സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും വര്‍ക്കലയില്‍ സൗകര്യമുണ്ട്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മാര്‍ച്ച് 29, 30, 31 തീയതികളില്‍ കേരള ടൂറിസം സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സര്‍ഫിങ് ഫെസ്റ്റിവലിനും വര്‍ക്കല വേദിയാകാനിരിക്കുകയാണ്.

Advertisements
Share news