KOYILANDY DIARY

The Perfect News Portal

വന്ദേഭാരത് കിതക്കുന്നു: പല ട്രെയിനുകളും പിടിച്ചിട്ടിട്ടും കണ്ണൂരെത്താൻ ഏഴ്‌ മണിക്കൂറും ഒമ്പത്‌ മിനിറ്റും

കണ്ണൂർ: വന്ദേഭാരത് കിതക്കുന്നു. പല ട്രെയിനുകളും പിടിച്ചിട്ടിട്ടും കണ്ണൂരെത്താൻ ഏഴ്‌ മണിക്കൂറും ഒമ്പത്‌ മിനിറ്റും. വൻ വേഗമെന്ന അവകാശവാദത്തോടെ ‘കുതിച്ച’ വന്ദേഭാരത്‌ ട്രെയിൻ കണ്ണൂരിലെത്തിയത്‌ കിതച്ച്‌ കിതച്ച്‌. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകുമെന്ന്‌ പറയപ്പെട്ട ട്രെയിൻ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്‌ 117 കിലോമീറ്റർ വേഗത്തിൽ മാത്രം. പല ട്രെയിനുകളെ വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ട്‌ രാജകീയപാത ഒരുക്കിയിട്ടുപോലും തിരുവനന്തപുരത്തുനിന്നും ട്രെയിൻ കണ്ണൂരെത്താൻ ഏഴ്‌ മണിക്കൂറും ഒമ്പത്‌ മിനിറ്റുമെടുത്തു.

തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്‌ എന്നിവിടങ്ങളിൽ മാത്രമാണ്‌ ട്രെയിന്‌ സ്‌റ്റോപ്പുള്ളത്‌. ഈ ആറ്‌ സ്‌റ്റേഷനുകളിൽ മാത്രം നിർത്തി നടത്തിയ പരീക്ഷണ ഓട്ടത്തിലും ഏഴ്‌ മണിക്കൂറിൽ കൂടുതൽ സമയമെടുത്തപ്പോൾ ഇതേ റൂട്ടിൽ 13 സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പുള്ള ജനശതാബ്ദി നിലവിൽ ഒമ്പതു മണിക്കൂറിൽ താഴെ സമയം മാത്രമാണ്‌ എടുക്കുന്നത്‌. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്‌, വടകര, തലശേരി എന്നിവിടങ്ങളിലാണ്‌  ജനശതാബ്‌ദിക്ക്‌ സ്‌റ്റോപ്പ്‌. അതേസമയം, ആലപ്പുഴ വഴി കടന്നുപോകുന്ന ട്രെയിനുകൾ യാത്ര പൂർത്തിയാക്കാൻ എട്ട്‌ മണിക്കൂറിൽ താഴെ മാത്രമേ എടുക്കുന്നുമുള്ളൂ.

സ്ഥിരമായി ഓടുമ്പോൾ വന്ദേഭാരതിനും തിരുവനന്തപുരം – ഷൊർണൂർ പാതയിൽ മണിക്കൂറിൽ  80 കിലോമീറ്ററും ഷൊർണൂർ – മംഗളുരു പാതയിൽ 110 കിലോമീറ്ററും വേഗതയിൽ മാത്രമേ ഓടിക്കാൻ സാധിക്കൂവെന്ന്‌ പരീക്ഷണ ഓട്ടത്തോടെ വ്യക്തമായി. അതിൽ കൂടുതൽ വേഗതയിൽ  ഓടിക്കാൻ പാത സജ്ജമല്ല. നിലവിൽ 140 കിലോമീറ്റർ വേഗതയിൽ സർവീസ്‌ നടത്താൻ ശേഷിയുള്ള ട്രെയിനുകൾ വേഗത കുറച്ച്‌ ഓടുന്നതും ഇതേ കാരണത്താലാണ്‌. ആറ്‌ സ്‌റ്റോപ്പായി കുറച്ചാൽ ഇപ്പോഴുള്ള ട്രെയിനുകൾക്കും വന്ദേഭാരതിന്റെ വേഗത്തിൽ സർവീസ്‌ പൂർത്തിയാക്കാനാകുമെന്നും വ്യക്തമായി.

Advertisements

നിലവിൽ കോട്ടയം വഴിയുള്ള ജനശതാബ്‌ദി ആഴ്‌ചയിൽ അഞ്ച്‌ ദിവസം മാത്രമാണ്‌ സർവീസ്‌ നടത്തുന്നത്‌. ആലപ്പുഴ വഴിയുള്ള ജനശതാബ്‌ദിയാകട്ടെ കോഴിക്കോട്‌ വരെ മാത്രമേ സർവീസ്‌ നടത്തുന്നുമുള്ളൂ. ഇരു ട്രെയിനുകളും കാസർകോടേക്ക്‌ നീട്ടുകയും കോട്ടയം വഴിയുള്ള ട്രെയിൻ  മുഴുവൻ ദിവസം സർവീസ്‌ നടത്തുകയും വേണമെന്ന ആവശ്യത്തിന്‌ മുന്നിൽ അധികൃതർ കണ്ണടക്കുകയാണ്‌.