ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടി ഉസ്‌ബെക്കിസ്ഥാനും ജോർദാനും

ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടി ഉസ്‌ബെക്കിസ്ഥാനും ജോർദാനും. ഏഷ്യൻ ഫുട്‌ബോളിൽ നിന്ന് എട്ട് ടീമുകൾക്കാണ് ലോകകപ്പിലേക്ക് യോഗ്യത ലഭിക്കുന്നത്. 2026 ലോകകപ്പിലേക്ക് അഞ്ച് ടീമുകളാണ് ഇതുവരെ ഏഷ്യയിൽ നിന്ന് യോഗ്യത നേടിയത്.

പല തവണ യോഗ്യതാ റൗണ്ടിൽ കാലിടറി വീണ ഉസ്‌ബെക്കിസ്ഥാൻ ഇത്തവണ ചരിത്രം കുറിച്ചു. ഗ്രൂപ്പിൽ ഇനി ഒരു കളി കൂടി ബാക്കി നിൽക്കേയാണ് ടീം ലോകകപ്പ് യോഗ്യത നേടിയത്. ഗോൾ കീപ്പർ ഉട്‌കിർ യുസുപോവിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് ഉസ്ബെക്കിസ്ഥാൻ യോഗ്യത നേടിയത്. യുഎഇക്കെതിരെ അബുദാബിയിൽ നടന്ന മത്സരത്തിൽ സമനില നേടിയാണ് ഉസ്ബെക്കിസ്ഥാൻ യോഗ്യത ഉറപ്പിച്ചത്.

ഒമാനെ മൂന്ന് ഗോളിന് തകർത്താണ് ജോർദാൻ യോഗ്യത നേടിയത്. അലി ഒൽവാന്റെ ഹാട്രിക്കിലാണ് ലോകകപ്പ് മൈതാനത്തേക്ക് ജോർദാന്റെ യാത്ര. ഗ്രൂപ്പിൽ ദക്ഷിണകൊറിയക്ക് പിന്നാലെയാണ് രണ്ടാം സ്ഥാനക്കാരായാണ് ജോർദാന്റെ മുന്നേറ്റം. തുടർച്ചയായ പതിനൊന്നാം തവണയും ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്.

