ഉത്തരകാശി: തുരങ്കം തകർന്ന് കുടുങ്ങിയ 41 തൊഴിലാളികളെ
സിൽക്യാര (ഉത്തരാഖണ്ഡ്) ഉത്തരകാശി ജില്ലയിലെ ബ്രഹ്മഖൽ–-യമുനോത്രി ദേശീയ പാതയിലെ സിൽക്യാരയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ 41 തൊഴിലാളികളെ 400 മണിക്കൂറിന് ശേഷം പുറത്തെത്തിച്ചു. മെല്ലെപ്പോക്കിൽ പഴികേട്ട രക്ഷാപ്രവർത്തനത്തിന്റെ അന്തിമഘട്ടത്തിലും രക്ഷാകുഴലിലേക്ക് മണ്ണിടിഞ്ഞുവീണത് തിരിച്ചടിയായി. പതിനേഴാം നാളായ ചൊവ്വ പകൽ ഒന്നരയോടെ അറുപത് മീറ്ററോളം രക്ഷാകുഴൽ പൂർത്തിയാക്കി രക്ഷാപ്രവർത്തകർ തൊഴിലാളികളുടെ അടുത്തെത്തി. കുഴലിന്റെ അവസാനഭാഗം തള്ളിനീക്കുന്നതിടെയാണ് ചെറിയ തോതിൽ മണ്ണിടിഞ്ഞത്. മണ്ണ് നീക്കി കുഴൽ ഉറപ്പിച്ച് രാത്രി 7.55ന് ആദ്യ തൊഴിലാളിയെ പുറത്തെത്തിച്ചു.

ഘട്ടംഘട്ടമായി 8.45ഓടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിച്ചു. പിന്നാലെ കാത്തുനിന്ന ആംബുലൻസുകളിൽ ഓരോരുത്തരെയായി ആശുപത്രിയിലേയ്‌ക്ക് മാറ്റി. തൊഴിലാളികൾ പൂർണ ആരോഗ്യവാന്മാരാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും കേന്ദ്രസഹമന്ത്രി വി കെ സിങ്ങും തൊഴിലാളികളെ സ്വീകരിച്ചു.


യന്ത്രമുപയോഗിക്കാതെ ഖനിയിൽ ചെറുദ്വാരമുണ്ടാക്കി നീങ്ങുന്ന റാറ്റ്‌ഹോൾ മൈനിങ് രീതിയിൽ വിദഗ്‌ധ തൊഴിലാളികൾ നടത്തിയ കുഴിക്കലാണ് വിജയം കണ്ടത്. ചാർഥാം ഹൈവേ പദ്ധതിയുടെ ഭാഗമായി ഹിമാലയത്തെ തുരന്ന് സിൽക്യാരയെയും ദണ്ഡൽഗാവിനെയും ബന്ധിപ്പിക്കാൻ നിർമിക്കുന്ന തുരങ്കം ഈ മാസം പന്ത്രണ്ടിന് പുലർച്ചെ നാലരയോടെയാണ് തകർന്നത്. പ്രവേശന കവാടത്തിൽനിന്ന് 200 മീറ്ററുള്ളിലായിരുന്നു അപകടം. ഈ സമയം തൊഴിലാളികൾ 1200 മീറ്റർ ഉള്ളിലായിരുന്നതിനാൽ ആളപായമൊഴിവായി. കരാർ വ്യവസ്ഥയിലുണ്ടായിരുന്ന അടിയന്തര രക്ഷാ ഇടനാഴി പോലുമില്ലാതെയുള്ള തുരങ്ക നിർമാണം അപകടത്തിന് പിന്നാലെ അഴിമതിയുടെ നിഴലിലുമായി. നിർമാണം നടത്തുന്ന നവയുഗ കമ്പനിയാകട്ടെ രക്ഷാപ്രവർത്തനത്തിൽ സൈന്യത്തെയോ എൻഡിആർഎഫിനെയോ പങ്കെടുക്കാൻ അനുവദിച്ചില്ല.

ആംബുലൻസുകൾ, ഹെലികോപ്‌റ്റർ, താൽക്കാലിക ആശുപത്രി
പതിനേഴ് ദിവസത്തിനുശേഷം ചൊവ്വ പകൽ ഒന്നരയോടെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ചെന്ന വിവരം പുറത്തു വന്നതോടെ ഏങ്ങും ആശ്വാസത്തിന്റെ നെടുവീർപ്പ്. തൊഴിലാളികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും കേന്ദ്രമന്ത്രി വി കെ സിങ്ങും തുരങ്കത്തിലേക്ക് എത്തി. സർവ സജ്ജമായി നാൽപ്പതോളം ആംബുലൻസുകൾ തുരങ്ക കവാടത്തിൽ നിലയുറപ്പിച്ചു. തുരങ്കത്തിനുള്ളിൽ തയ്യാറാക്കിയ താൽക്കാലിക ആശുപത്രിയിൽ തൊഴിലാളികളെ പരിശോധിക്കാൻ വിദഗ്‌ധ ഡോക്‌ടർമാർ തയ്യാറായി. ഹെലികോപ്റ്ററും സജ്ജമാക്കിയിരുന്നു.

പിന്നാലെ ആംബുലൻസുകൾ ഒന്നൊന്നായി തുരങ്കത്തിനുള്ളിലേക്ക് നീങ്ങിയതോടെ ഏതുനിമിഷവും തൊഴിലാളികൾ പുറത്തേക്കെന്ന് ഉറപ്പിച്ചു. എന്നാൽ അവസാന ഘട്ടത്തിലുണ്ടായ അനിശ്ചിതത്വം രാത്രിവരെ നീണ്ടു. താൽക്കാലിക ആശുപത്രിയിലെത്തിച്ച തൊഴിലാളികളെ പ്രാഥമിക വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. തൃപ്‌തി രേഖപ്പെടുത്തിയതോടെ ഇരുപത് കിലോമീറ്റർ അകലെയുള്ള ചിന്യാലിസോർ ആശുപത്രിയിലേക്ക് പൊലീസ് അകമ്പടിയോടെ മാറ്റി.
ആശങ്കയുടെ 17 ദിവസം
നവംബർ 12, പുലർച്ചെ 4.30: മണ്ണിടിച്ചിലിന് പിന്നാലെ സിൽക്യാര തുരങ്കത്തിൽ അപകടം. 41 തൊഴിലാളികൾ കുടുങ്ങി
നവം 13: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സംഭവസ്ഥലത്ത്. തൊഴിലാളികൾക്ക്
ഭക്ഷണമെത്തിച്ച് തുടങ്ങി.
നവം 14: ആഗർ യന്ത്രം അവശിഷ്‌ടങ്ങൾക്കിടയിലൂടെ തുരന്ന് തുടങ്ങി.
നവം 15: രക്ഷാപ്രവർത്തനത്തിൽ ആദ്യ പ്രതിസന്ധി. സഹതൊഴിലാളികളുടെ പ്രതിഷേധം.
നവം 17: ആകെയുള്ള അറുപതിൽ തുരക്കൽ 24 മീറ്റർ പിന്നിട്ടു. പിന്നാലെ വലിയ
പൊട്ടിത്തെറി ശബ്‌ദം പരിഭാന്ത്രി പരത്തി.
നവം 18: ഡ്രില്ലിങ് താൽക്കാലികമായി നിർത്തി. വീണ്ടും തൊഴിലാളി പ്രതിഷേധം.
നവം 21: തൊഴിലാളികളുടെ ആദ്യ വീഡിയോ പുറത്ത്.
നവം 22: 32 മീറ്ററിൽ വീണ്ടും ഡ്രില്ലിങ് തടസ്സം
നവം 26: തുരങ്കത്തിന്റെ മുകളിൽനിന്ന് കുത്തനെ താഴേയ്ക്ക് കുഴിക്കൽ തുടങ്ങുന്നു
നവം 27: സൈന്യത്തെ ഒഴിവാക്കി മറ്റൊരു സ്വകാര്യ കമ്പനിയുടെ റാറ്റ് മൈനേഴ്‌സിനെ എത്തിച്ച് യന്ത്രസഹായമില്ലാത്ത കുഴിക്കൽ തുടങ്ങി
നവം 28, രാത്രി എട്ട്: ആദ്യ തൊഴിലാളിയെ പതിനേഴാം നാൾ തുരങ്കത്തിന് പുറത്തേയ്ക്ക് എത്തിച്ചു.
