KOYILANDY DIARY.COM

The Perfect News Portal

അമേരിക്കയുടെ ഇറക്കുമതി ചുങ്കം കേരളത്തെ ബാധിക്കും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നൂറ് ശതമാനം ചുങ്കം ചുമത്താന്‍ ഉള്ള അമേരിക്കയുടെ തീരുമാനം കേരളത്തെ സാരമായി ബാധിക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അമേരിക്കയിലേക്കുള്ള കയറ്റുമതി ഗണ്യമായി കുറയാന്‍ ഇടയാകും. കേരളത്തിന് പ്രതിവർഷം 500 കോടിയുടെ കയറ്റുമതി നഷ്ടമുണ്ടാക്കും. ഇന്ത്യന്‍ കയറ്റുമതിയുടെ 20 ശതമാനം അമേരിക്കയിലേക്കാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എ കെ ജി സെന്ററിന്റെ ഉദ്ഘാടനം ഈ മാസം 23ന് വൈകീട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

വഖഫ് നിയമ ഭേദഗതിയിലൂടെ ന്യൂനപക്ഷ അവകാശങ്ങളെ തകര്‍ക്കുക എന്ന നയമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ നയമാണ് ശരിയെന്ന് സുപ്രീംകോടതി വിധി വ്യക്തമാകുന്നു. ആര് എതിര്‍ത്താലും ബില്ല് നിയമമാക്കും എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വെല്ലുവിളി. ന്യൂനപക്ഷങ്ങളെ രണ്ടാംതര പൗരന്മാരാക്കുന്നതിന് വേണ്ടിയുള്ള നടപടിയാണിത്. ഇതിനായി വര്‍ഗീയശക്തികള്‍ ആസൂത്രിതമായി നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയാണ് വഖഫ് നിയമ ഭേദഗതി.

 

ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായിട്ടാണ് നിയമഭേദഗതി. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് സുപ്രീംകോടതി നിര്‍വഹിച്ചത്. സുപ്രീംകോടതിയുടെ നിലപാട് പാര്‍ലമെന്റിനു മുകളിലുള്ള കടന്നാക്രമണമാണ് എന്നാണ് ഭരണകൂടത്തിന്റെ ഭാഗമായിട്ടുള്ള വ്യക്തികള്‍ വ്യാഖ്യാനിക്കുന്നത്. ഈ വാദം ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നതാണ്.

Advertisements

വഖഫ് നിയമഭേദഗതിയുടെ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് കോണ്‍ഗ്രസ് എംപിമാര്‍ സ്വീകരിച്ചത്. വയനാട് എം പി പാര്‍ലമെന്റില്‍ ഉണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ സംസാരിച്ചില്ല. കെ സുധാകരന്റെ പേര് ആവര്‍ത്തിച്ച് വിളിച്ചിട്ടും സംസാരിച്ചില്ല. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയമായിട്ടും ഇടത് എംപിമാര്‍ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

Share news