KOYILANDY DIARY.COM

The Perfect News Portal

യുജിസി കരട് നിർദേശം ഫെഡറലിസത്തെ തകർക്കുന്നു; മുഖ്യമന്ത്രി

യുജിസി കരട് നിർദേശം ഫെഡറലിസത്തെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് പരിഷ്‌കാരങ്ങൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരാനുള്ള ശ്രമമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുജിസി റെഗുലേഷൻ- ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“വിസി നിയമനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഒരു പങ്കും നൽകുന്നില്ല എന്നത് പ്രധാന പ്രശ്നമാണ്. ഗവർണർക്കാണ് നിയമനത്തിന് അധികാരം. കരടിലെ നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ദോഷകരമാണ്. രാഷ്ട്രീയ താൽപര്യം സർവ്വകലാശാലയിൽ കടന്ന് വരാൻ വഴിയൊരുക്കും. യുജിസി കരട് ഒറ്റപ്പെട്ട വിഷയമല്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി ഒരുമിച്ച് മുന്നോട്ടുപോകണം. അതിനുള്ള ആദ്യ ചവിട്ടുപടിയായി ഈ കൺവെൻഷൻ മാറും.”-അദ്ദേഹം പറഞ്ഞു.

 

അതേസമയം ഇന്ന് ആരംഭിച്ച സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുജിസി റെഗുലേഷൻ- ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷനിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൺവെൻഷനിൽ പങ്കെടുക്കും. കേന്ദ്രസർക്കാറിന്റെ സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിനെതിരെയാണ് ബി ജെ പി ഇതര സംസ്ഥാനങ്ങളിലെ മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള കൺവെൻഷൻ.

Advertisements

 

യുജിസി റെഗുലേഷനെതിരെയുള്ള ചർച്ചയാണ് കൺവെൻഷൻ്റെ മുഖ്യ അജണ്ടയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായ കേരളത്തിൻറെ ആശങ്ക കൺവെൻഷനിൽ ചർച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Share news