വടകര നഗരസഭാ അധ്യക്ഷക്ക് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയേറ്റ ശ്രമം

വടകര നഗരസഭ കൗൺസിൽ യോഗത്തിനിടെ ചെയർപേഴ്സൺ കെ പി ബിന്ദുവിന് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയേറ്റ ശ്രമം. തിങ്കളാഴ്ച പകൽ മൂന്നിന് ചേർന്ന കൗൺസിൽ യോഗത്തിലാണ് സംഭവം. യുഡിഎഫ് കൗൺസിലർമാരുടെ കൈയേറ്റത്തിൽ എൽഡിഎഫ് കൗൺസിലർമാരായ ടി വി ഹരിദാസനും, എൻ കെ പ്രഭാകരനും പരിക്കേറ്റു. പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് വി കെ അസീസിന്റെ നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ ചെയർപേഴ്സന്റെ ഡയസിലേക്ക് ഇരച്ചുകയറിയത്.

കൗൺസിൽ പാർടി ലീഡർ എൻ കെ പ്രഭാകരന്റെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ ഡയസിന് വലയം തീർത്ത് ചെയർപേഴ്സൺ കെ പി ബിന്ദുവിന് സംരക്ഷണമൊരുക്കി. നഗരസഭാ അധ്യക്ഷയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുഡിഎഫ് കൗൺസിലർമാരുടെ നടപടിയിൽ എൽഡിഎഫ് കൗൺസിൽ പാർടി യോഗം പ്രതിഷേധിച്ചു. സി കെ കരിം, എൻ കെ പ്രഭാകരൻ, കെ കെ വനജ, പി സജീവ്‌കുമാർ എന്നിവർ സംസാരിച്ചു. യുഡിഎഫ് അതിക്രമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ വടകര ടൗണിൽ പ്രകടനം നടത്തി. കേളുഏട്ടൻ – പി പി ശങ്കരൻ സ്മാരകത്തിൽനിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗത്തിൽ പി സജീവ് കുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, സി കെ കരീം, ആർ സത്യൻ, കെ പ്രകാശൻ, പറമ്പത്ത് രാജൻ, പി കെ സതീശൻ എന്നിവർ സംസാരിച്ചു.

