KOYILANDY DIARY.COM

The Perfect News Portal

യു. എ ഖാദർ സാംസ്ക്കാരിക പാർക്ക് നാളെ ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: പന്തലായനിയുടെ കഥാകാരൻ യു.എ ഖാദറിൻ്റെ പേരിൽ കൊയിലാണ്ടി നഗരസഭ ഒരുക്കിയ സാംസ്ക്കാരിക പാർക്ക് ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. നഗരത്തിലെത്തുന്നവർക്ക് വൈകുന്നേരങ്ങൾ സന്തോഷകരമാക്കുന്നതിനായി നഗരസഭയുടെ സ്നേഹാരാമം പദ്ധതിയിലാണ് കൊയിലാണ്ടിയുടെ കഥാകാരൻ്റെ പേരിൽ 
 ബസ്റ്റാൻ്റിനോടനുബന്ധിച്ച് പാർക്ക് ഒരുക്കിയിരിക്കുന്നത്. 
.
.
നാളെ (ചൊവ്വാഴ്ച) വൈകീട്ട്  മന്ത്രി എ.കെ ശശീന്ദ്രൻ പാർക്ക് ജനങ്ങൾക്കായി തുറന്നുകൊടുക്കും. കഥാകാരൻ കുട്ടിക്കാലം ചെലവഴിച്ച നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളും ബപ്പൻകാട് റോഡുമെല്ലാം മേശവിളക്ക്, അഘോരശിവം അടക്കമുള്ള നോവലുകളിൽ എഴുതപ്പെട്ടിട്ടുണ്ട്. പന്തലായനിയിലേക്കുള്ള യാത്രയിലെ പ്രധാന കേന്ദ്രമായ തണ്ടാൻ വയലിൻ്റെ ഒരു ഭാഗമാണ് ബസ്റ്റാൻ്റും പുതിയ പാർക്കും. പൗരാണിക രീതിയിൽ ഓടുപാകിയ രണ്ട് കവാടവും പ്രത്യേക ലൈറ്റ് അറേഞ്ചുമെൻറുമെല്ലാം പാർക്കിൽ ഒരുക്കിയിട്ടുണ്ട്. സാംസ്ക്കാരിക പരിപാടിക്കായുള്ള വേദിയും ഒരുക്കിയിട്ടുണ്ട്.
.
.
200 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. പൊതു കാര്യങ്ങളിൽ താൽപര്യമുള്ള സ്വകാര്യ വ്യക്തികളെ സ്പോൺസർമാരാക്കികൊണ്ട് പൊതു ഫണ്ടുകൾ ചെലവഴിക്കാതെയാണ് സ്നേഹാരാമങ്ങൾ ഒരുക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടും, വൈസ് ചെയർമാൻ അഡ്വ. കെ. സത്യനുംപറഞ്ഞു. നഗര കേന്ദ്രത്തിൽ മാത്രം ഇത്തരം പത്തോളം കേന്ദ്രങ്ങൾ ഒരുക്കും. നഗര ഹൃദയത്തിൽ ബസ്സ്റ്റാൻ്റിനോടുനുബദ്ധിച്ച് ഒരുക്കിയ പാർക്ക് കൊയിലാണ്ടിയിലെ സാമൂഹിക പ്രവർത്തകൻ  ബാലൻ അമ്പാടിയാണ് സ്പോൺസർ ചെയ്തത്.
Share news