കൊറിയര്‍ മുഖാന്തരം മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റില്‍

ആലപ്പുഴ: വ്യാവസായിക അടിസ്ഥാനത്തില്‍ കൊറിയര്‍ മുഖാന്തരം മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ അറസ്റ്റില്‍. കൊല്ലം വടക്കേവിള സ്വദേശികളായ അമീര്‍ഷാ (24), ശ്രീശിവന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. മാരക മയക്കുമരുന്നായ ഡയാസെപാം 10 എം എല്‍ ഇന്‍ജക്ഷൻറെ 100 കുപ്പികള്‍ ആലപ്പുഴ മുന്‍സിപ്പല്‍ വാര്‍ഡില്‍ റെയ്ബാന്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ ലൈഫ് സയന്‍സ് ഫാര്‍മ എന്ന മെഡിക്കല്‍ ഷോപ്പിന് സമീപം വച്ച് കൈപ്പറ്റി പോകുന്നതിനിടയിലാണ് അറസ്റ്റ്.

മെഡിക്കല്‍ ഷോപ്പിൻറെ വിലാസത്തിലാണ് അവരറിയാതെ മയക്കുമരുന്ന് എത്തിയത്. അവര്‍ നല്‍കിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികള്‍ ഓണ്‍ലൈന്‍ വഴി മയക്കുമരുന്നുകള്‍ ഓര്‍ഡര്‍ ചെയ്തുവരുത്തി ആവശ്യക്കാര്‍ക്ക് 10 മില്ലീലിറ്റര്‍ കുപ്പി ഒന്നിന് 1000 മുതല്‍ 1500 രൂപ വരെ വിലയ്ക്ക് എത്തിച്ചുനല്‍കുമായിരുന്നു.


എക്‌സൈസ് പ്രിവൻറിവ് ഓഫീസര്‍ വി. കെ. മനോജ് കുമാര്‍ നല്‍കിയ വിവരത്തിൻറെ അടിസ്ഥാനത്തില്‍ ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെൻറ് ആൻറ് ആൻറി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഐ എം മഹേഷിൻറെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ് ദിലീഷ്, എസ് അരുണ്‍, എം റെനി ,പ്രിവൻറിവ് ഓഫീസര്‍ ഗ്രേഡ് കെ പി സജിമോന്‍, പ്രിവൻറിവ് ഓഫീസര്‍ എന്‍. പ്രസന്നന്‍ ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ വര്‍ഗീസ് പയസ് എന്നിവര്‍ പങ്കെടുത്തു. കേസിൻറെ തുടര്‍ന്നുള്ള അന്വേഷണം ആലപ്പുഴ അസി എക്‌സൈസ് കമ്മീഷണര്‍ എം നൗഷാദ് ഏറ്റെടുത്തു.

