മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ ജീവാനന്ദൻ മാസ്റ്റർ, കെ അഭിനീഷ്, ബിന്ദു സോമൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപെഴ്സൺ അഖില, വാർഡ് മെമ്പർ ഷഹീർ, ADA നന്ദിത, കർഷകർ സജീന്ദ്രൻ, മാധവൻ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലായി 125 ഗ്രൂപ്പുകൾക്കായിരുന്നു മഞ്ഞൾ വിത്ത് വിതരണം നടത്തിയത്. ഒരു ഗ്രൂപ്പിന് 5000 രൂപയുടെ വിത്താണ് വിതരണം ചെയ്തത്. വിളവെടുക്കുന്ന മഞ്ഞൾ കർഷകരിൽ നിന്നും ശേഖരിച്ച് സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സംയോജിച്ച് മൂല്യ വർദ്ധിത ഉത്പ്പനങ്ങൾ ഉണ്ടാക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ പേരിൽ വിപണിയിൽ ഇറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

