KOYILANDY DIARY.COM

The Perfect News Portal

ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾ പിടിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച പ്രതികളാണ് പിടിയിലായത്. വാഹനത്തിൻ്റെ ഡ്രൈവർ, ക്ലീനർ എന്നിവരെയാണ് പിടികൂടിയത്. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജു വേണു (19)നെയാണ് മർദിച്ചത്.

24ന് അഗളി ചിറ്റൂർ കട്ടേക്കാട് നടന്ന സംഭവം ഇന്നലെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരിച്ച് മിൽമ ഡയറിയിലേക്ക് കൊണ്ടുപോകുന്ന പിക്കപ് വാനിന് തടസമുണ്ടാക്കി എന്നാരോപിച്ചായിരുന്നു മർദ്ദനം. വിവസ്ത്രനാക്കുകയും കെട്ടിയിട്ട് തല്ലുകയും ചെയ്തെന്നാണ് പരാതി. വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് ഇവർ പോയെന്നും ഒരു മണിക്കൂറിനുശേഷം ഇതുവഴി വന്ന നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും സിജു പറഞ്ഞു.

എന്നാൽ മദ്യപിച്ച സിജു റോഡിൽനിന്ന്‌ മാറാതെ അക്രമാസക്തനായെന്നും കല്ലെടുത്തിട്ട് വാഹനത്തിന് കേടുപാടുണ്ടാക്കി എന്നുമാണ് പ്രതികളുടെ വാദം. നിവൃത്തിയില്ലാതെയാണ്‌ കെട്ടിയിട്ടതെന്നും ഇവർ പറയുന്നു. വാഹനത്തിന് സംഭവിച്ച കേടുപാടുകളിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഇവർ നൽകിയ പരാതിയിലാണ് അഗളി പൊലീസ് ആദ്യം കേസെടുത്തത്.

Advertisements

 

Share news