നിറഭേദങ്ങളുടെ നേര്‍ക്കാഴ്ചയായി ട്രാന്‍സ്‌ജെന്‍ഡര്‍ ഫിലിം ഫെസ്റ്റിവല്‍

കോഴിക്കോട്: നിറഭേദങ്ങളുടെ നേര്‍ക്കാഴ്ചയായി ട്രാന്‍സ്‌ജെന്‍ഡര്‍ ഫിലിം ഫെസ്റ്റിവല്‍. ക്വിയര്‍ സമൂഹത്തിൻ്റെ നേര്‍സാക്ഷ്യങ്ങള്‍ ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിക്കുന്നതായി ഓരോ ചിത്രങ്ങളും. ഇറോ ട്രാഫെ എന്ന പേരിലുള്ള മേളയിലെ ചിത്രങ്ങൾ ആസ്വദിക്കാൻ നൂറുകണക്കിന് പേര്‍ കൈരളി, ശ്രീ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി.

എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേത്രിയുമായ ട്രാൻസ്-വുമൺ എ രേവതിയുടെ ജീവിതം പറഞ്ഞ ഞാൻ രേവതി എന്ന ചിത്രത്തിനാണ് കൂടുതൽ കാഴ്ചക്കാരുണ്ടായത്. വീട്ടിൽനിന്ന് ഇറങ്ങിപ്പോയ പെൺകുട്ടി വര്‍ഷങ്ങൾക്കുശേഷം പുരുഷനായി തിരിച്ചെത്തുന്ന കഥ പറയുന്ന ഇരട്ട ജീവിതവും ശ്രദ്ധ നേടി. അവനോവിലോന, ഔട്ട്‌കാസ്റ്റ്, ഉടലാഴം, ന്യൂ നോര്‍മല്‍, ഈസ് ഇറ്റ് ടൂ മച്ച് ടു ആസ്ക്, ദാറ്റ്‌സ് മൈബോയ്, ജനലുകള്‍, വി ആര്‍ എലൈവ് എന്നീ സിനിമകളും പ്രദര്‍ശിപ്പിച്ചു. അണിയറപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത ഓപ്പണ്‍ ഫോറവും നടന്നു.

മേള മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രയാസങ്ങളും സങ്കടങ്ങളും ആവിഷ്‌കരിക്കാന്‍ ഏറ്റവും അനുയോജ്യമായ മാധ്യമമാണ് സിനിമയെന്നും രാജ്യങ്ങള്‍ക്ക് അപ്പുറത്തുള്ള മനുഷ്യരുടെ അനുഭവങ്ങള്‍ അറിയാനായത് സിനിമകളിലൂടെയാണെന്നും മന്ത്രി പറഞ്ഞു. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുൺ എസ് നായര്‍ അധ്യക്ഷനായി. നടിയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ നേഹ, നടിയും ആക്ടിവിസ്റ്റുമായ എ രേവതി എന്നിവർ മുഖ്യാതിഥികളായി. അഭിനേതാക്കളായ നാദിറ മെഹര്‍, സാന്ദ്ര ലാര്‍വിന്‍, സഞ്ജന ചന്ദ്രന്‍, റിയ ഇഷ, ശീതള്‍ ശ്യാം, സംവിധായിക എസ് ഏരിയല്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹികനീതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജലജ സ്വാഗതവും അസി. ഡയറക്ടര്‍ ഷീബ മുംതാസ് നന്ദിയും പറഞ്ഞു.

