KOYILANDY DIARY.COM

The Perfect News Portal

ട്രെയിൻ ടിക്കറ്റ്‌ നിരക്ക്‌ ജൂലൈ ഒന്ന് മുതൽ കൂടും

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ്‌ നിരക്ക്‌ ജൂലൈ ഒന്നുമുതൽ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചതായി റിപ്പോർട്ട്. നോൺ എസി മെയിൽ, എക്‌സ്‌പ്രസ്‌ ട്രെയിനുകളിൽ കിലോമീറ്ററിന്‌ ഒരുപൈസ വീതം കൂട്ടും. എസി കോച്ചിലെ യാത്രയ്‌ക്ക് കിലോമീറ്ററിന്‌ രണ്ട്‌ പൈസ വീതം കൂടും.

ഓർഡിനറി സെക്കൻഡ്‌ ക്ലാസ്‌ ടിക്കറ്റുകളിൽ 500 കിലോമീറ്റർ ദൂരംവരെ ടിക്കറ്റ്‌ വർധനയുണ്ടാവില്ല. ഇതിനുശേഷം കിലോമീറ്ററിന്‌ അരപൈസ വീതം കൂടും. നിരക്ക്‌ കൂട്ടുന്നതിലൂടെ 1600 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. 2024–25 സാമ്പത്തിക വർഷം 75,750 കോടി രൂപയാണ്‌ യാത്രാടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചതായാണ്‌ റെയിൽവേ മന്ത്രാലയത്തിന്റെ കണക്ക്‌.

അതേസമയം, ഐആര്‍സിടിസി വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ജൂലൈ 1 മുതൽ ആധാർ നിർബന്ധമാക്കിയിട്ടുമുണ്ട്. കൗണ്ടറുകളിൽ നിന്നും അംഗീകൃത ഏജന്റുമാരിൽ നിന്നും ടിക്കറ്റ് എടുക്കുന്നവരും ജൂലൈ 15 മുതൽ ആധാർ നമ്പർ നൽകണം. യഥാർത്ഥ ഉപഭോക്താക്കൾക്ക് ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നടപടികളെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യഥാർത്ഥ ആധാർ നമ്പർ നൽകിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് പരിശോധിക്കണമെന്ന നിർദേശം ടിടിഇമാർക്കും നൽകിയിട്ടുണ്ട്.

Advertisements

 

Share news