KOYILANDY DIARY.COM

The Perfect News Portal

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്

ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ശനിയാഴ്ച പകൽ 2ന് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും.  ജലഘോഷയാത്ര പകൽ ഒന്നിന് ക്ഷേത്ര കടവിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ്‌ ചെയ്യും. മത്സര വള്ളംകളി ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ ഉദ്‌ഘാടനം ചെയ്യും.

രാവിലെ 9.30ന്‌ ആറന്മുള ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന ദീപം കൊളുത്തി കലക്ടർ ദിവ്യാ എസ് അയ്യർ പതാക ഉയർത്തുന്നതോടെ ജലോത്സവ പരിപാടികൾ ആരംഭിക്കും. 51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിൽ പങ്കെടുക്കുക. മത്സര വള്ളംകളിയിൽ 48 പള്ളിയോടങ്ങളും പങ്കെടുക്കുമെന്ന് പള്ളിയോടസേവാ സംഘം ഭാരവാഹികൾ അറിയിച്ചു.
വള്ളംകളിയോടനുബന്ധിച്ച്  നടക്കുന്ന ചടങ്ങിൽ “പാഞ്ചജന്യം” സുവനീർ കൃഷിമന്ത്രി പി പ്രസാദ് പ്രകാശനം ചെയ്യും. പള്ളിയോട സേവാ സംഘം നൽകുന്ന രാമപുരത്തു വാര്യർ പുരസ്കാരം മാളികപ്പുറം സിനിമ സംവിധായകൻ അഭിലാഷ് പിള്ളയ്ക്ക്  പ്രമോദ് നാരായൺ എംഎൽഎ സമ്മാനിക്കും. പള്ളിയോട ശില്പി സന്തോഷ്‌ ആചാരിയെ ആന്റോ ആന്റണി എംപിയും  വഞ്ചിപ്പാട്ട് ആചാര്യൻ ശിവൻകുട്ടി ആശാനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഓമല്ലൂർ ശങ്കരനും ആദരിക്കും. കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തും.
മത്സര വള്ളംകളിയിലെ വിജയികൾക്കുള്ള സമ്മാനം എൻഎസ്എസ് ട്രഷറർ എൻ വി അയ്യപ്പൻ പിള്ള വിതരണം ചെയ്യും. നദിയിൽ ജലനിരപ്പ് കുറവായതിനാൽ ശനിയാഴ്ച പുലർച്ചെ നാലിന് മണിയാർ അണക്കെട്ട് തുറന്ന് വിടുമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതോടെ വള്ളംകളി സുഗമമായി നടക്കാൻ ആവശ്യമായ വെള്ളം ലഭിക്കുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച രാത്രി പമ്പാ അണക്കെട്ടിൻറെ വൃഷ്ടി പ്രദേശങ്ങളിലും മഴ പെയ്തിരുന്നു. ഇതും ജലനിരപ്പ് കൂടാൻ ഇടയാക്കുമെന്ന് കരുതുന്നു.

 

Share news