KOYILANDY DIARY.COM

The Perfect News Portal

തൂണേരി ഷിബിന്‍ വധക്കേസ്; ആറ് പ്രതികള്‍ക്കും ജീവപര്യന്തം

കൊച്ചി: കോഴിക്കോട്‌ തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്കുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്. വിചാരണ കോടതി വെറുതെവിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ആക്രമണത്തിൽ പരിക്കേറ്റ രണ്ടു പേർക്കും നഷ്ടപരിഹാരം നൽകണം.

2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. ബൈക്കിൽ വരികയായിരുന്ന ഷിബിനെയും സുഹൃത്തിനെയും വെള്ളൂർ സ്‌കൂളിന്‌ സമീപം തടഞ്ഞുനിർത്തിയാണ്‌ തെയ്യമ്പാടി ഇസ്‌മയിൽ, മുനീർ, വാറങ്കിത്താഴത്ത് സിദ്ദീഖ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്‌. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു.

 

ഷിബിന്റെ അച്ഛനും സർക്കാരും നൽകിയ അപ്പീലിലാണ് മുസ്‌ലിം ലീഗ് പ്രവർത്തകരായ എട്ട് പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. ഇതിൽ ആറ് പ്രതികൾ ഇന്നലെ രാത്രിയാണ് വിദേശത്ത് നിന്നെത്തിയത്. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ എത്തിയിട്ടില്ല. പാസ്പോര്‍ട്ട് തിരികെ കിട്ടത്താതിനാലാണ് ഇയാൾ വിദേശത്ത് തുടരുന്നതെന്നും തിരിച്ചുവരാന്‍ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു. ഒന്നാം പ്രതിയുടെ അസാന്നിധ്യത്തില്‍ മറ്റ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതില്‍ നിയമ തടസങ്ങളില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. മൂന്നാം പ്രതി നേരത്തേ കൊല്ലപ്പെട്ടിരുന്നു.

Advertisements

 

Share news