മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട മൂന്ന് യുവാക്കളെ കൊലപ്പെടുത്തി: കാലുകൾ വെട്ടിമാറ്റിയ നിലയിൽ
മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട മൂന്ന് യുവാക്കളെ കൊലപ്പെടുത്തി. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്‌റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്. തൗബൽ ജില്ലയിലെ തോവയിൽ ഒരു കാട്ടിൽനിന്നാണു കാലുകൾ വെട്ടിമാറ്റിയ നിലയിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

യൈരിപോക്-ചരങ്പട്ട് റോഡ് ജങ്ഷനിലാണു സംഭവം. വെടിവയ്പ്പിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണു സൂചന. രണ്ട് ആഴ്ചയായി സംഘർഷത്തിൽ അയവുവന്നതിനുശേഷമാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ സമാധാനനീക്കത്തിന്‍റെ ഭാഗമായി ഐ.ബി ആസ്ഥാനത്തു നടന്ന വിഘടനവാദി നേതാക്കളുമായുള്ള കേന്ദ്ര സർക്കാരിന്‍റെ രണ്ടാംഘട്ട ചർച്ച പൂർത്തിയായി.

കെ.എൻ.ഒ, യു.പി.എഫ് സംഘടനകളുമായായിരുന്നു ചർച്ച. ഡൽഹിയിലെ ഐ.ബി ആസ്ഥാനത്തുവച്ചാണു രണ്ടു ദിവസത്തെ ചർച്ച നടന്നത്. കലാപവുമായി ബന്ധപ്പെട്ട സമാധാനനീക്കത്തിനായുള്ള ആലോചനകളിൽ പുരോഗതിയുണ്ടെന്നും മൂന്നാംഘട്ട ചർച്ച ഉടൻ നടക്കുമെന്നും സംഘടനകൾ അറിയിച്ചു.

