KOYILANDY DIARY

The Perfect News Portal

മണിപ്പൂരിൽ മൂന്ന്‌ ക്രിസ്‌ത്യൻ പള്ളികൾ പൊളിച്ചു

ന്യൂഡൽഹി: മണിപ്പുരിൽ മൂന്ന്‌ ക്രിസ്‌ത്യൻ പള്ളികൾ പൊളിച്ചു. ചൊവ്വാഴ്‌ച്ച പുലർച്ചെ ഇംഫാൽ ഈസ്‌റ്റ്‌ ജില്ലയിലെ പള്ളികളാണ്‌ അധികൃതർ പൊളിച്ചത്‌. സർക്കാർ ഭൂമിയിലെ അനധികൃത കെട്ടിടങ്ങളെന്ന്‌ ആരോപിച്ചായിരുന്നു നടപടി. നേരത്തെ പള്ളികൾക്ക്‌ എതിരെ നടപടികൾ എടുക്കുന്നത്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഹൈക്കോടതി കഴിഞ്ഞദിവസം സ്‌റ്റേ നീക്കിയതിന്‌ പിന്നാലെ അധികൃതർ വൻ സുരക്ഷാസജ്ജീകരണങ്ങളുമായി എത്തി പള്ളികൾ പൊളിച്ചുമാറ്റുകയായിരുന്നു.

ജില്ലാഅധികൃതരുടെ അനുമതി ഇല്ലാതെ സർക്കാർ ഭൂമിയിൽ നിർമിച്ച കെട്ടിടങ്ങളാണ്‌ പൊളിച്ചതെന്ന്‌ അധികൃതർ പ്രതികരിച്ചു. പൊളിച്ച പള്ളികളിൽ ഒരെണ്ണം 1970 മുതൽ പ്രവർത്തിച്ചിരുന്നതാണെന്ന്‌ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. അധികൃതർ പള്ളി പൊളിച്ചിട്ടും വിശ്വാസികളുടെ കൂട്ടായ്‌മകൾ വ്യാഴാഴ്‌ച കെട്ടിടഅവശിഷ്ടങ്ങൾക്ക്‌ മുന്നിൽ പ്രാർഥനകൾ നടത്തി. സ്‌നേഹവും ഐക്യവും മാത്രമാണ്‌ ക്രിസ്‌ത്യൻ വിശ്വാസം ഉയർത്തിപ്പിടിക്കുന്നതെന്നും പള്ളികൾ പൊളിച്ചത്‌ വേദനാജനകമാണെന്നും വിശ്വാസികളിൽ ചിലർ പ്രതികരിച്ചു.