KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്തെ ഫ്ളോട്ടിങ് ബ്രിഡ്‌ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

വർക്കല: തീരദേശ ജില്ലകളിൽ ഫ്ളോട്ടിങ് ബ്രിഡ്‌ജ് സ്ഥാപിക്കുന്ന ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്‌ജ് ഇന്ന് (ഡിസംബർ 25) വർക്കല പാപനാശം ബീച്ചിൽ തുറക്കും. രാവിലെ 10ന് ഫ്ളോട്ടിങ് ബ്രിഡ്‌ജിന്റെയും ബീച്ചിലെ ജല കായിക പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. വി ജോയ് എംഎൽഎ അധ്യക്ഷനാകും. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്‌ജാണിത്.

കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ സവിശേഷത. 100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള ഒരു പ്ലാറ്റ് ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദർശകർക്ക് കടൽക്കാഴ്ചകൾ ആസ്വദിക്കാം. ഒരേസമയം 100 സന്ദർശകർക്ക് ബ്രിഡ്‌ജിൽ പ്രവേശിക്കാം. രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശനം.

വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി, വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി അജയകുമാർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി നിതിൻ നായർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാജീവ് ജി എൽ, കെഎടിപിഎസ് സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

Advertisements

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ടൂറിസം വകുപ്പ് വർക്കലയിലെ ഫ്ളോട്ടിങ് ബ്രിഡ്‌ജ് സ്ഥാപിച്ചത്. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെൻസിറ്റി ഫ്ളോട്ടിങ് പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാർഡുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

Share news