KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ. ഫ്ളോട്ടിങ് ബ്രിഡ്ജ് അടക്കമുള്ള ബീച്ചിലെ അഡ്വെഞ്ചർ ടൂറിസം പദ്ധതി മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണ് വർക്കലയിലേത്. ഉദ്ഘാടന ദിവസം കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലം കാണാൻ എത്തിയത് നൂറുകണക്കിന് വിനോദസഞ്ചാരികൾ. 

പാപനാശത്ത് കടലിൽ പൊങ്ങി കിടക്കുന്ന പാലം വിനോദ സഞ്ചാരികളിൽ കൗതുകമുണ്ടാക്കി. പാലത്തിൽ നിന്ന് തിരമാലകളുടെ ചലനങ്ങൾ അനുഭവിക്കാൻ ആദ്യ ദിനം തന്നെ സഞ്ചാരികളുടെ വൻ തിരക്ക്. പാലം അവസാനിക്കുന്നിടത്തെ വിശാലമായ പ്ലാറ്റഫോമിൽ നിന്ന് കടലിന്റെ ഭംഗി ആവോളം ആസ്വദിക്കാം. അതും കടലിന്റെ താളത്തിനൊത്ത്. ഫ്ളോട്ടിങ് ബ്രിഡ്ജ് പോലുള്ള വാട്ടർ സ്‌പോർട്‌സ് സാധ്യതകളെ കേരളത്തിന്റെ ബീച്ചുകളിൽ കൂടുതൽ അവതരിപ്പിക്കുമെന്ന് പാലം ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

 

700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ആണ് പാലത്തെ കടലിൽ പിടിച്ചിനിറുത്തിയിരിക്കുന്നത്. ഒരേസമയം 100 പേർക്കാണ് ബ്രിഡ്ജിൽ പ്രവേശനം. രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശന സമയം. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാർഡുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും സജ്ജമാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.

Advertisements
Share news