KOYILANDY DIARY

The Perfect News Portal

തൃശൂർ പൂരം തടസ്സങ്ങളില്ലാതെ നടത്തുന്നതിന്‌ നിയമം നിർമിക്കണമെന്ന്‌ തിരുവമ്പാടി ദേവസ്വം

തൃശൂർ പൂരം തടസ്സങ്ങളില്ലാതെ നടത്തുന്നതിന്‌ സ്ഥിരം സംവിധാനമുണ്ടാക്കാൻ നിയമം നിർമിക്കണമെന്ന്‌ തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് ഡോ. ടി എ സുന്ദർമേനോൻ. ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും ഉൾപ്പെടെ തൃശൂർ പൂരം നടത്തിപ്പ്‌ കമ്മിറ്റിക്ക്‌ നൽകുകയും സുരക്ഷാ ക്രമീകരണങ്ങൾ പൊലീസ്‌ സ്വീകരിക്കുകയുമാണ്‌ വേണ്ടതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുറച്ചുകാലമായി പൂരം തടസ്സപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ട്‌. പൂരം നടത്തുമ്പോൾ ഓരോ പ്രശ്‌നങ്ങളുമായി ചിലർ വരുന്നതും അതുകൊണ്ടാണ്‌. അവസാനനിമിഷം കോടതി കയറിയിറങ്ങേണ്ട സ്ഥിതിയാണ്‌.

പൊലീസ്‌ കമീഷണറിൽനിന്ന്‌ തിക്താനുഭവമാണുണ്ടായത്‌. ചരിത്രത്തിലാദ്യമായി പൂരം പ്രദർശനം അടച്ചു. മന്ത്രിമാരുടെ നിർദേശങ്ങൾപോലും പെരുമാറ്റച്ചട്ടത്തിന്റെ മറവിൽ ഉദ്യോഗസ്ഥർ ലംഘിച്ചു. രാത്രിയിലെ മഠത്തിൽ വരവിനു മുന്നേ റോഡുകൾ അടയ്‌ക്കരുതെന്ന്‌ തീരുമാനിച്ചിരുന്നു. എന്നാൽ, മഠത്തിൽവരവ്‌ വരുന്നതിനിടയിൽത്തന്നെ ജനങ്ങളെ അകറ്റിനിർത്തി. പൊലീസ്‌ ഉദ്യോഗസ്ഥരെ തീരുമാനം അറിയിച്ചെങ്കിലും അവർ വഴങ്ങിയില്ല. തുടർന്നാണ്‌ ജനങ്ങളെ തടഞ്ഞ്‌ പൂരം നടത്തേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്‌.  

 

കുടമാറ്റത്തിന്‌ സ്‌പെഷ്യൽ കുട കൊണ്ടുവരുന്നവരെയും ആനയ്‌ക്ക്‌ പട്ട കൊണ്ടുവരുന്നവരെയും തടഞ്ഞു. സാമ്പിൾ വെടിക്കെട്ടുദിനത്തിലും പ്രധാന വെടിക്കെട്ടുദിനത്തിലും എക്‌സിബിഷൻ അടപ്പിച്ചതിനാൽ 40 ലക്ഷം രൂപ നഷ്ടം വന്നു. പൂരത്തിന്‌ ദിവസങ്ങൾക്കു മുന്നേ മുഖ്യമന്ത്രി തൃശൂരിൽ വന്നപ്പോൾ രാത്രി വളരെ വൈകിയിട്ടും ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പൂരം ബുദ്ധിമുട്ടില്ലാതെ നടത്താൻ എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പു തന്നിരുന്നു. ഈ ഉറപ്പ്‌ ഉദ്യോഗസ്ഥർ ലംഘിച്ചുവെന്നും സുന്ദർ മേനോൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാർ, ജോയിന്റ്‌ സെക്രട്ടറി പി ശശിധരൻ എന്നിവരും പങ്കെടുത്തു.

Advertisements

മുഖ്യമന്ത്രിക്ക്‌ നന്ദി

തൃശൂർ പൂരം തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‌ നന്ദി അറിയിച്ച്‌ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌. പൂരത്തിന്‌ ഉദ്യോഗസ്ഥരിൽനിന്നുണ്ടായ അനിഷ്ട സംഭവങ്ങൾ ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മണിക്കൂറുകൾക്കകം പരിഹാരമുണ്ടാക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. 

ആരോപണവിധേയനെ മാറ്റിനിർത്തി സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിച്ചു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന പൂരത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രതയോടെ നടപടി സ്വീകരിച്ച മുഖ്യമന്ത്രിക്കും മന്ത്രി കെ രാജനും തിരുവമ്പാടി തട്ടകക്കാരുടെ പ്രത്യേക നന്ദി അറിയിക്കുന്നു. പൂരം തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായി സ്വീകരിച്ച നടപടി ഇരു ദേവസ്വങ്ങളും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ഗിരീഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.