ദാഹജല വിതരണം തണ്ണീർപന്തൽ ആശ്വാസമാകുന്നു

കൊയിലാണ്ടി: കനത്ത വേനൽ ചൂടിൽ നഗരത്തിലെത്തുന്നവർക്ക് ദാഹജല വിതരണം ചെയ്യുന്നത് വലിയ ആശ്വാസമാണ് ഉണ്ടാകുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് ബസ് സ്റ്റാൻഡ് പരിസരത്ത് തണ്ണീർപന്തൽ ഒരുക്കി ദാഹിച്ച് വലയുന്നവർക്ക് കൈത്താങ്ങായത്. പന്തലിൻ്റെ ഔപചാരിക ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.

തിളപ്പിച്ചാറ്റിയ വെള്ളവും, മൺകൂജയിലെ തണുത്ത വെള്ളവും, ചൂടുവെള്ളവും കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വിതരണം ചെയ്യുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് ആദ്യദിവസം തന്നെ തണ്ണീർപന്തലിൽ എത്തി ദാഹജലം കുടിച്ചത്.
Advertisements

തണ്ണീർ പന്തലിന്റെ കൂടെ മൺചട്ടിയിൽ വെള്ളം നിറച്ച് മരക്കൊമ്പിൽ കെട്ടിത്തൂക്കി പക്ഷികൾക്കും ദാഹജല വിതരണത്തിനുള്ള സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷരായ സി. പ്രജില, കെ.എ. ഇന്ദിര കൗൺസിലർമാരായ എ.ലളിത, പി. പ്രജിഷ, ജിഷ പുതിയേടത്ത്, എം. ദൃശ്യ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

