KOYILANDY DIARY.COM

The Perfect News Portal

തിക്കോടിയൻ രചിച്ച പ്രശസ്ത നാടകം ‘പുതുപ്പണം കോട്ട’ വീണ്ടും അരങ്ങിലേക്ക്.

കൊയിലാണ്ടി: കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ ജീവിതാന്ത്യത്തെ പ്രമേയമാക്കി തിക്കോടിയൻ രചിച്ച പ്രശസ്ത നാടകം ‘പുതുപ്പണം കോട്ട’ വീണ്ടും അരങ്ങിലേക്ക്. 31ന് വൈകീട്ട് നാടകം അവതരിപ്പിക്കും. സുവർണ ജൂബിലി കൊണ്ടാടുന്ന പൂക്കാട് കലാലയമാണ് രംഗഭാഷ്യമൊരുക്കുന്നത്. ഉപജാപകരുടെ കെണിയിൽപ്പെട്ട സാമൂതിരിയും പറങ്കിപ്പടയുടെ അതിക്രമവും പിറന്ന മണ്ണിനുവേണ്ടിയുള്ള കുഞ്ഞാലി മരക്കാരുടെ ചെറുത്തുനിൽപ്പും പ്രമേയമാകുന്ന നാടകം വികാരോജ്വലമായ അരങ്ങനുഭവമാകും. രാജ്യത്തിന്റെ പുതിയ സാഹചര്യം വെളിവാക്കുന്ന സംഭാഷണങ്ങൾ നാടകത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്നു. 
ശശിധരൻ ചെറൂരാണ് സംവിധാനം. രഘുനാഥ് മേലൂരാണ്‌ കുഞ്ഞാലി മരയ്ക്കാരായി രംഗത്ത്‌ എത്തുന്നത്‌. ശശികുമാർ പാലയ്ക്കൽ, സി വി ബാലകൃഷ്ണൻ, ബേബി ബാബു, അശോകൻ കോട്ട്, ഉണ്ണി കുന്നോൽ, ശ്രീനിവാസൻ പൊയിൽക്കാവ്, വിനോദ് കുമാർ, ഉണ്ണികൃഷ്ണൻ പാല്യേക്കണ്ടി, സതേഷ് തിരുവങ്ങൂർ, സജിത, നിഷിദ, അഥീന എന്നിവരും അരങ്ങിലെത്തുന്നു.
രണ്ടുമണിക്കൂർ നാടകത്തിന്റെ പിന്നണിയിൽ പ്രേംകുമാർ വടകര, യു കെ രാഘവൻ, ശശി കോട്ട്, ഹരിദാസ്, എ കെ രമേശ്, കാശി പൂക്കാട് എന്നിവരാണ്‌. പൂക്കാട് കലാലയത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 31ന് വൈകിട്ട് ഏഴിന്‌ നാടകം അവതരിപ്പിക്കും.
Share news