KOYILANDY DIARY.COM

The Perfect News Portal

പാരാപ്ലീജിയ ബാധിതരുടെ സ്വതന്ത്ര കൂട്ടായ്മയായ ചേമഞ്ചേരി ഏയ്ഞ്ചൽ സ്റ്റാർസിൻ്റെ പന്ത്രണ്ടാം വാർഷികം ചങ്ങാത്തപ്പന്തലിൽ അവർ വീണ്ടും ഒത്തുചേർന്നു

കൊയിലാണ്ടി: പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും പരസ്പരം ചേർത്തുപിടിച്ചും  ചങ്ങാത്തപ്പന്തലിൽ അവർ വീണ്ടും ഒത്തുചേർന്നു. ശാരീരിക അവശതകൾ കാരണം വീടിനുള്ളിൽ ഒതുങ്ങേണ്ടി വന്ന അവരെല്ലാം സ്നേഹം പങ്കുവെച്ച്, ഒത്തുചേരലിൻ്റെ മധുരമൂറും നിമിഷങ്ങൾ ചേർത്തു പിടിച്ചാണ് തിരികെ വീട്ടിലേക്ക് മടങ്ങിയത്. പാരാപ്ലീജിയ ബാധിതരുടെ സ്വതന്ത്ര കൂട്ടായ്മയായ ചേമഞ്ചേരി ഏയ്ഞ്ചൽ സ്റ്റാർസിൻ്റെ പന്ത്രണ്ടാം വാർഷികം ചങ്ങാത്തപ്പന്തൽ 2025 ആണ് അവിസ്മരണീയ അനുഭവമായി മാറിയത്. ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ നടന്ന പരിപാടിയിൽ നിരവധി കലാകാരൻമാർ കലാ വിരുന്നൊരുക്കി.
അപകടത്തിൽ പെട്ട് കിടപ്പിലായ കാലത്തെക്കുറിച്ച് ചടങ്ങിൽ സംബന്ധിച്ച നടൻ നിർമൽ പാലാഴി ഓർത്തെടുത്തു. എല്ലാം തകർന്നെന്ന് കരുതിയ ആ ദിവസങ്ങളിൽ നിന്നാണ് താൻ ഉയിർത്തെഴുന്നേറ്റത്. എഴുന്നേറ്റ് നടക്കണം. അല്ല വേഗത്തിൽ ഓടണം. നിങ്ങൾക്കതിന് സാധിക്കുമെന്ന് നിർമൽ പറഞ്ഞപ്പോൾ പ്രത്യാശയുടെ നിറഞ്ഞ കൈയടി ഉയർന്നു. നടൻമാരും മിമിക്രി കലാകാരൻമാരുമായ ദേവരാജ് ദേവ്, പ്രദീപ് ബാലൻ, മധുലാൽ കൊയിലാണ്ടി, സംസ്ഥാന കലോത്സവത്തിൽ മിമിക്രിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച നിഷാൻ മുഹമ്മദ്, ഡോ. കൃപാൽ തുടങ്ങിയവർ കലാപ്രകടനം ഒരുക്കി.
ഏയ്ഞ്ചൽ സ്റ്റാർസ് പ്രസിഡണ്ട് പ്രഭാകരൻ, സെക്രട്ടറി സാബിറ, ചലച്ചിത്ര സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം, കവി ബിനേഷ് ചേമഞ്ചേരി, പ്രകാശൻ കുനിക്കണ്ടി, മിനി, സിറാജ്, കോയ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാരാപ്ളീജിയ ബാധിതർ പരിപാടിയിൽ പങ്കെടുത്തു. നട്ടെല്ലിൻ്റെ വൈകല്യത്താൽ ശരീരത്തിനൊപ്പം ജീവിതവും തളർന്നു പോയ പാരാപ്ലീജിയ രോഗികൾക്കായി ആരംഭിച്ചതാണ് ഏയ്ഞ്ചൽ സ്റ്റാർസ്. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറയും അപകടത്തിൽ പരിക്കേറ്റ് ജീവിതം വീൽ ചെയറിലായ പ്രഭാകരൻ എളാട്ടേരിയും ചേർന്നാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ജീവിതം പ്രയാസത്തിലായവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച് പന്ത്രണ്ട് വയസിലേക്കെത്തിയ സംഘടന ഇന്ന് ഭിന്ന ശേഷിക്കാരുടെ വലിയൊരു കൂട്ടായ്മയാണ്.
Share news