തേവലക്കര വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവം: പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദമായി റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രി വി ശിവൻകുട്ടിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രധാന അധ്യാപകന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അനധികൃതമായി നിർമ്മാണം നടന്നു. വർഷങ്ങളായി വൈദ്യുതി ലൈൻ അപകടാവസ്ഥയിലായിരുന്നുവെന്നും സുരക്ഷാ പ്രോട്ടോകോൾ ഉറപ്പാക്കിയില്ലെന്നും റിപ്പോർട്ട്.

കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. തേവലക്കര സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ കേരളത്തിന്റെ മകനെയാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് അപകടമുണ്ടാക്കുന്ന ഇലക്ട്രിസിറ്റി പ്രശ്നങ്ങൾ നീക്കണമെന്ന് മാർഗനിർദേശങ്ങളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. സർക്കുലർ സ്കൂൾ അധികൃതർ വായിച്ചോ? വായിച്ചെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു. വീട്ടിൽ ഉണ്ടായതുപോലെയുള്ള ഒരു നഷ്ടമാണ് സംഭവിച്ചത്. മുടന്തൻ ന്യായങ്ങൾ പറഞ്ഞു രക്ഷപ്പെടാൻ ആകില്ലെന്നും മന്ത്രി. ഇതിനെ നിസ്സാര സംഭവമായി കാണാൻ കഴിയില്ലെന്നും ഗൗരവമായാണ് സർക്കാർ ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

