റേഷൻ വിതരണത്തിൽ പ്രതിസന്ധിയില്ല; മന്ത്രി ജി. ആർ. അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഗതാഗത കരാറുകാരുടെ സമരം റേഷൻ വിതരണത്തെ പ്രതിസന്ധിയിലാക്കി എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചവരെ 50,86,993 കുടുംബങ്ങൾ (49.31 ശതമാനം) റേഷൻ കൈപ്പറ്റി. വെള്ളിയാഴ്ച മാത്രം 1,28,449 കാർഡ് ഉടമകൾ റേഷൻ വാങ്ങി. 20, 21, 22 തിയതീകളിൽ യഥാക്രമം 309500, 309257, 299257 കുടുംബങ്ങളാണ് റേഷൻ വിഹിതം കൈപ്പറ്റിയത്. ഗതാഗത കരാറുകാർക്ക് നൽകേണ്ട പ്രതിഫലം ഒന്നോ രണ്ടോ മാസത്തെ കുടിശ്ശിക വരാറുണ്ട്.

ഇതിനാവശ്യമായ തുക 50 കോടി രൂപ അനുവദിച്ച് വിതരണം ആരംഭിച്ചു. റേഷൻകടകളിൽ ഒന്നര മാസത്തേക്കുള്ള സ്റ്റോക്ക് ഉള്ളതിനാൽ പണിമുടക്ക് വിതരണത്തെ ബാധിക്കില്ല. പോർട്ടബിലിറ്റി സൗകര്യം ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് ഏതു കടയിൽ നിന്നും റേഷൻ കൈപ്പറ്റാൻ സാധിക്കും. സംസ്ഥാന സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

