KOYILANDY DIARY

The Perfect News Portal

അട്ടപ്പാടി മധു വധക്കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം ശക്തം

അട്ടപ്പാടി മധു വധക്കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം ശക്തം. കേസിന് പ്രത്യേക പരിഗണന നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മധു നീതി സമരസമിതി നേതാക്കള്‍ പറയുന്നു. ഏപ്രില്‍ 5നാണ് മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതി മധു കേസ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

മധുകേസ് പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ അഡീഷണല്‍ ജനറല്‍ പ്രോസിക്യൂട്ടറാണ് മധുവിന്റെ കുടുംബത്തിനായി ഹാജരാകുന്നത്. ഈ സാഹചര്യത്തിലാണ് നിരവധി കേസുകളിലൊന്നായി സര്‍ക്കാര്‍ മധു കേസിനെ കാണരുതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടത്. ഐപിസി 302 പ്രകാരമുള്ള ശിക്ഷ വിധിക്കാത്തതിനാല്‍ വേഗത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയുണ്ടെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആശങ്ക.

Advertisements

ഒന്നാം പ്രതിയായ ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുകേസിലെ പ്രതികള്‍.

Advertisements

കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേരെയാണ് ഏഴ് കഠിന തടവിന് ശിക്ഷിച്ചത്. ഒന്നാം പ്രതി ഹുസൈന് 10,5000 രൂപയും മറ്റ് 12 പേര്‍ക്ക് 1,18,000 രൂപയുമാണ് പിഴ വിധിച്ചത്. ഐപിസി 352ാം വകുപ്പ് പ്രകാരം ബലപ്രയോഗ കുറ്റം മാത്രം ചുമത്തിയ 16ാം പ്രതി മുനീറിന് കോടതി മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് വിധിച്ചത്. ഇയാള്‍ കേസില്‍ പല സമയങ്ങളിലായി മൂന്ന് മാസത്തിലേറെ ജയിലില്‍ കഴിഞ്ഞതിനാല്‍ പിഴ തുക മാത്രം അടച്ചാല്‍ മതിയാകും.