താത്തൂർ ജുമാ മസ്‌ജിദ് പള്ളിയിലെ മോഷണം; പ്രതി അറസ്റ്റിൽ

മാവൂർ: മാവൂർ താത്തൂർ ജുമാ മസ്‌ജിദ് പള്ളിയിലെ നേർച്ചപെട്ടി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പൂനൂർ കക്കാട്ടുപുറം സ്വദേശിയായ വട്ടപ്പൊയിൽ വീട്ടിൽ മുജീബ് റഹ്മാൻ (41) നെയാണ് മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഫിബ്രവരി 18ന് പുലർച്ചെ താത്തൂർ ജുമാ മസ്‌ജിദ് പള്ളിയിലെ സ്തീകളുടെ വിശ്രമമുറിയിൽ ഉണ്ടായിരുന്ന നേർച്ചപെട്ടിയുടെ പൂട്ട് പൊട്ടിച്ച് അതിൽ ഉണ്ടായിരുന്ന 7,000 രൂപയോളം മോഷണം നടത്തുകയായിരുന്നു. കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ മാവൂർ പൊലീസ് പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും CCTV പരിശോധിച്ചതിൽ നിന്നും പ്രതിയെ പറ്റി മനസ്സിലാക്കുകയായിരുന്നു.

പിന്നീടുള്ള അന്വേഷണത്തിൽ പ്രതിക്ക് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ 2013 ൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനെ ആക്രമിക്കുകയും, തെറി വിളിക്കുകയും, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സം വരുത്തുകയും ചെയ്ത കാര്യത്തിന് ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാത്തതിനാൽ വാറണ്ട് ഉള്ളതിനാൽ അറസ്റ്റ് ചെയ്ത് പ്രതി ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിലിൽ ആണെന്ന് മനസ്സിലാക്കുകയായിരുന്നു. ശേഷം പ്രതിയെ മാവൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

പ്രതി സ്ഥിരം കുറ്റവാളിയാണെന്നും, പ്രതിയിക്ക് കുന്ദംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ മഖാമിൽ സമാനരീതിയിൽ മോഷണം നടത്തിയതിന് കേസ് നിലവിലുണ്ടെന്നും മാവൂർ പോലീസ് പറഞ്ഞു. മാവൂർ പോലീസ് ഇൻസ്പെക്ടർ പി രാജേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രവി. പി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിനോജ് ഓമശ്ശേരി, ലാലിജ്, ഷറഫലി എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
