പയ്യോളിയിൽ വാടക സ്റ്റോറിൽ മോഷണം; പ്രതിയെ നാട്ടുകാർ പോലീസിൽ ഏൽപിച്ചു

പയ്യോളിയിൽ വാടക സ്റ്റോറിൽ മോഷണം; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. പയ്യോളി ബീച്ചിൽ സായിവിന്റെ കാട്ടിൽ റിയാസി (38) നെയാണ് പിടികൂടിയത്. പയ്യോളിയിലെ കെ.സി.കെ വാടക സ്റ്റോറിൽ മോഷണത്തിനിടെയാണ് ഇയാളെ കട ഉടമയും നാട്ടുകാരും ചേർന്ന് കയ്യോടെ പിടികൂടിയത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വാടക സ്റ്റോറിൽ നിന്നും പാത്രങ്ങളും മറ്റും പതിവായി കാണാതാവുന്നതിനെ തുടർന്ന് കടയുടമ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതറിയാതെ പുലർച്ചെ ഒരു മണിയോടെ റിയാസ് സ്റ്റോറിലെത്തി. ഇലക്ട്രിക്കൽ വയർ മോഷ്ടിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു.

തുടർന്ന് പയ്യോളി പോലീസിൽ വിവരമറിയിക്കുകയും പ്രതിയെ പോലീസിന് കൈമാറുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാൾ ടൗണിൽ സ്ഥിരമായി മോഷണങ്ങൾ നടത്തുകയും മദ്യം കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്നും നേരത്തെയും ഇത്തരം കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

