മാവൂരിലെ ജ്വല്ലറിയിൽ മോഷണം; രണ്ട് പേർ അറസ്റ്റിൽ

കുന്നമംഗലം: മാവൂരിലെ ജ്വല്ലറിയിൽ മോഷണം. രണ്ട് പേർ അറസ്റ്റിൽ. മാവൂർ -കട്ടാങ്ങൽ റോഡിലെ പാഴൂർ ജ്വല്ലറിയിലാണ് മോഷണം നടന്നത്. പ്രതികളെ എസ്‌ഐ വി. അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടി. മാവൂർ കണ്ണിപറമ്പ് തീർത്ഥകുന്ന് രഞ്ജീഷ് (18), 17 വയസ്സുകാരൻ എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാവാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ജൂലൈ മൂന്നിനാണ് ജ്വല്ലറിയുടെ പിൻവശത്തെ ചുവർ തുരന്ന് മോഷണം നടത്തിയത്. വെള്ളി ആഭരണങ്ങളാണ് നഷ്ടമായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്‌ടാക്കൾ കൗമാരക്കാരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. സിനിമാമേഖലയിൽ ഭക്ഷണം നൽകുന്ന വിഭാഗത്തിലെ ജോലിക്കാരനാണ് രഞ്ജീഷ്.

ഏപ്രിലിൽ മോഷണം നടത്താൻ പദ്ധതി ഇട്ടതായും അതിനായി ആയുധങ്ങളും പടക്കങ്ങളും പൂത്തിരികളും കരുതിവച്ചതായും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പിന്നീട് ജൂണിൽ വീണ്ടും പദ്ധതിയിടുകയും പാഴൂർ ജ്വല്ലറി തെരഞ്ഞെടുക്കുകയുമായിരുന്നു. പൂത്തിരി ഉപയോഗിച്ച് പൂട്ട് പൊളിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് ചുവർ തുരന്ന് അകത്തുകടക്കുകയായിരുന്നു. മോഷണമുതൽ രഞ്ജീഷിന്റെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു. ഇതും മോഷണത്തിനുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
