KOYILANDY DIARY.COM

The Perfect News Portal

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം: റെസ്ലിംഗ് ഫെഡറേഷൻ സമിതിയെ സസ്പെൻഡ് ചെയ്തു

രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബോഡിയെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ‘ഡബ്ല്യുഎഫ്‌ഐയുടെ ഭരണഘടന വ്യവസ്ഥകൾ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ബിജെപി എംപിയും മുൻ ഡബ്ല്യു.എഫ്.ഐ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് വ്യാഴാഴ്ചയാണ് ഗുസ്തി ബോഡിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ തെരുവിലിറങ്ങിയ ഗുസ്തിക്കാരുടെ പിന്തുണയോടെ മത്സരിച്ച കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് അനിത ഷിയോറനെതിരെ 47ൽ 40 വോട്ടും നേടിയാണ് സഞ്ജയ് സിംഗ് വിജയം ആഘോഷിച്ചത്.

ഈ സമിതിയെയാണ് കായിക മന്ത്രാലയം ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ, മറ്റു മാർഗമില്ലാതെ അവതാളത്തിലായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റായ ഉടൻ ഈ വർഷം അവസാനത്തോടെ ഗോണ്ടയിലെ നന്ദിനി നഗറിൽ (യുപി) അണ്ടർ 15, അണ്ടർ 20 ദേശീയ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സഞ്ജയ് സിംഗ് പ്രഖ്യാപിച്ചിരുന്നു. ദേശീയ മത്സരങ്ങൾ തിടുക്കത്തിലാണ് പ്രഖ്യാപിച്ചതെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കായിക മന്ത്രാലയം പ്രസ്താവനയിറക്കി.

Advertisements

ഡബ്ല്യുഎഫ്‌ഐയുടെ പുതിയ പ്രസിഡന്റിന്റെ തീരുമാനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ഗുസ്തി താരങ്ങളെ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. അതിന് മുമ്പായി അജണ്ട പരിഗണനയ്‌ക്ക് വെക്കണമെന്നും കായിക മന്ത്രാലയം പറഞ്ഞു.

Share news