KOYILANDY DIARY

The Perfect News Portal

വാട്ട‍ർ മെട്രോ ഉയരങ്ങളിലേക്ക്, ഒരു വർഷം 19,72,247 യാത്രക്കാർ

കൊച്ചി വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 19,72,247 പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തുകഴിഞ്ഞു. പുതുതായി കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്തംബറോടെ അഞ്ച് ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Advertisements

 

പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ച് ഒരു വർഷം പൂർത്തിയാകുകയാണ്. ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോ 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായാണ് 2023 ഏപ്രിൽ 25ന് സർവ്വീസ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ തന്നെ കൂടുതൽ ബോട്ടുകളും കൂടുതൽ റൂട്ടുകളും വാട്ടർ മെട്രോ സർവ്വീസിന്റെ ഭാഗമായി. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോയെത്തിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ 19,72,247 പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തുകഴിഞ്ഞു. രാജ്യാന്തരതലത്തിലും ദേശീയതലത്തിലും ശ്രദ്ധേയരായ വ്ലോഗർമാരും വാട്ടർമെട്രോയെക്കുറിച്ച് ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം രാജ്യത്തിന്റെ പലഭാഗങ്ങളും കേരളത്തിന്റെ വാട്ടർ മെട്രോയെ മാതൃകയാക്കാനും മുന്നോട്ടുവരികയാണ്.

Advertisements

 

പുതുതായി കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്തംബറോടെ 5 ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചിട്ടുണ്ട്. കണക്റ്റിവിറ്റി രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കി കുതിക്കുന്ന വാട്ടർ മെട്രോ പദ്ധതി ഈ സർക്കാരിന്റെ കാലത്തുതന്നെ പൂർണമായും പൂർത്തിയാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.