സംസ്ഥാന കലാജാഥയുടെ പരിശീലനം അത്തോളിയിൽ തുടങ്ങി

ബാലുശേരി ശാസ്ത്ര സാഹിത്യ പരിഷത്ത് 19 മുതൽ ആരംഭിക്കുന്ന സംസ്ഥാന കലാജാഥയുടെ പരിശീലനം അത്തോളിയിലെ കണ്ണിപ്പൊയിലിൽ തുടങ്ങി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗം കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. സമകാലിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ വെല്ലുവിളിയാണ് ജാഥയുടെ പ്രധാന പ്രമേയം. 18 വരെ ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ജനസംവാദ സദസ്സുകളും ക്യാമ്പിനോടൊപ്പം നടക്കും.

എല്ലാ ദിവസവും വൈകിട്ട് നാല് മുതൽ ആരംഭിക്കുന്ന സംവാദ സദസ്സുകളിൽ ടി സുരേഷ് (കാടും നമ്മുടെ ആരോഗ്യവും), എം ഗീത (ലിംഗനീതിയും കുടുംബത്തിലെ ജനാധിപത്യവും), പ്രൊഫ. കെ പാപ്പൂട്ടി (ജ്യോതിഷവും ജ്യോതിശാസ്ത്രവും), കെ കെ ശിവദാസൻ ( മികവ് എല്ലാവർക്കും വിദ്യാഭ്യാസം), എൻ ശാന്തകുമാരി (ശാസ്ത്രവും ജീവിതവും), ടി കെ വിജയൻ (വീ ദ പീപ്പിൾ ഭരണഘടനാ സദസ്സ്) എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.

കലാജാഥയിലുള്ള ‘ഇന്ത്യ സ്റ്റോറി’ എന്ന നാടകം സംവിധാനം ചെയ്തത് സ്കൂൾ ഓഫ് സോങ് ആൻഡ് ഡ്രാമയിലെ എം എസ് അരവിന്ദാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം പി കെ സതീഷ്, പി അയമദ്, കെ സത്യൻ, പി സുഗതകുമാരി തുടങ്ങിയവർ സംസാരിച്ചു. സി കെ ദിനേശ് സ്വാഗതവും കെ കെ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

