KOYILANDY DIARY.COM

The Perfect News Portal

‘തൊഴിൽതീരം’ പദ്ധതി അഞ്ച് മണ്ഡലങ്ങളിൽ കൂടി

കോഴിക്കോട്: തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘തൊഴിൽതീരം’ പദ്ധതി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ കൂടി നടപ്പാക്കുന്നു. കോഴിക്കോട് സൗത്ത്, നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര എന്നീ മണ്ഡലങ്ങളാണിവ. നേരത്തെ ബേപ്പൂർ മണ്ഡലം മാത്രമായിരുന്നു പദ്ധതിക്കായി തെരഞ്ഞെടുത്തിരുന്നത്.
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന തൊഴിൽ പദ്ധതിയാണ് തൊഴിൽതീരം. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനവർധനയും സാംസ്കാരിക വിദ്യാഭ്യാസ ഉയർച്ചയുമാണ് ലക്ഷ്യം.
സംസ്ഥാനത്തെ 46 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ 18നും 40നും ഇടയിലെ പ്ലസ്ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തി തൊഴിൽ ലഭ്യത ഉറപ്പുവരുത്തും. നോളജ് മിഷന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർചെയ്തവരും രജിസ്റ്റർചെയ്യാൻ ബാക്കിയുള്ളവരുമായ  ഉദ്യോഗാർത്ഥികൾക്ക് വിവിധ സേവനങ്ങൾ നൽകി പ്രത്യേക നൈപുണ്യവും തൊഴിൽ പരിശീലനവും നൽകും. തുടർന്ന് ജില്ലാതല തൊഴിൽമേളകൾ സംഘടിപ്പിച്ച് തൊഴിലവസരം ഒരുക്കും.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വമുള്ള കുടുംബാംഗങ്ങളും ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളിലുള്ളവരുമാണ് ഗുണഭോക്താക്കൾ. സ്വകാര്യമേഖല, റിമോട്ട്, ഹൈബ്രിഡ്, എംഎസ്എംഇ, സ്റ്റാർട്ടപ്‌, പാർട്ട് ടൈം, പ്രോജക്ടുകൾ, ഫ്രീലാൻസ് തുടങ്ങിയ മേഖലകളിലായിരിക്കും ജോലി.

 

Share news