KOYILANDY DIARY

The Perfect News Portal

ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത തിക്കോടി സ്വദേശി മണിക്കൂറുകള്‍ക്കുള്ളിൽ ബത്തേരി പോലീസിൻ്റെ പിടിയിൽ

ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത തിക്കോടി സ്വദേശി മണിക്കൂറുകള്‍ക്കുള്ളിൽ ബത്തേരി പോലീസിൻ്റെ പിടിയിൽ. സുല്‍ത്താന്‍ ബത്തേരിയിലെ ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേനെ ജ്വല്ലറി ജീവനക്കാരെ വിളിച്ചു വരുത്തി പത്ത് പവന്‍ വരുന്ന സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ തിക്കോടി സ്വദേശി വടക്കേപുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്.

വ്യാഴാഴ്ചയായിരുന്നു തട്ടിപ്പിനിടയായ സംഭവം നടന്നത്. ബത്തേരിയിലെ ഹോട്ടലില്‍ താമസിച്ച് സമീപത്തെ പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ ചെന്ന് അവിടുത്തെ താമസക്കാരനായി അഭിനയിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന് വ്യാജേന ബത്തേരി നഗരത്തിലെ ഒരു ജ്വല്ലറിയില്‍ വിളിച്ച് പത്ത് സ്വര്‍ണനാണയങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. സ്വര്‍ണ്ണം ബില്ലടിച്ചതിന് ശേഷം കൊണ്ടു വന്നാല്‍ മതിയെന്നും പണം ഇവിടെ വെച്ച് കൈമാറാമെന്നും ഇയാള്‍ പറയുകയായിരുന്നു. ഇതുപ്രകാരം ജ്വല്ലറി ജീവനക്കാര്‍ റിസോര്‍ട്ടിലെത്തി റാഹിലിന് സ്വര്‍ണ്ണനാണയങ്ങള്‍ കൈമാറുകയായിരുന്നു.

അരപ്പവന്റെ ആറു നാണയങ്ങളും ഒരുപവന്റെ നാലു നാണയങ്ങളുമാണ് കൈമാറിയത്. സ്വര്‍ണനാണയങ്ങള്‍ തന്റെ മാഡത്തിന് പരിശോധിക്കണമെന്നും അവര്‍ തൊട്ടടുത്ത മുറിയിലുണ്ടെന്നും പറഞ്ഞ ശേഷം നാണയങ്ങളുമായി മുറിക്കു പുറത്തേക്കു പോയ റാഹില്‍ അല്പ സമയത്തിനുശേഷം തിരിച്ചെത്തി, മാഡത്തിന് നാണയങ്ങള്‍ ഇഷ്ടപ്പെട്ടെന്നും പണം എണ്ണുന്നതിനുള്ള മെഷീന്‍ താഴെ കാറിലാണെന്നും അത് എടുത്തിട്ടുവരാമെന്നും പറഞ്ഞ് മുങ്ങുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാതായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

Advertisements

റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഉടന്‍ തന്നെ മറ്റു പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു. സഞ്ചരിക്കുന്ന കാറുകളും, വസ്ത്രങ്ങളും ഇടക്കിടെ മാറുന്ന പതിവുള്ളതിനാല്‍ ഇയാളെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. പോലീസിന് നേരത്തെ തന്നെ ഇക്കാര്യമറിയുന്നതിനാല്‍ ടാക്സി സ്റ്റാന്റുകളിലും മറ്റും പ്രതിയുടെ ഫോട്ടോകള്‍ പ്രചരിപ്പിച്ചിരുന്നു. ഈ നീക്കം ഫലം കാണുകയും പ്രതി കല്‍പ്പറ്റയില്‍ നിന്നും ഇന്നോവ കാറില്‍ കോഴിക്കോട്ടേക്ക് പോയതായി മനസ്സിലാകുകയും ചെയ്തു.

ഇന്നോവ ഡ്രൈവറുടെ നമ്പര്‍ സംഘടിപ്പിച്ച് പോലീസ് വിവരം കൈമാറി. തന്റെ കൂടെയുള്ളയാള്‍ മോഷ്ടാവാണെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ തന്ത്രപൂര്‍വ്വം കുന്ദമംഗലത്തിന് സമീപം വാഹനം നിര്‍ത്തി. തന്നെ കുറിച്ചുള്ള വിവരങ്ങള്‍ ഡ്രൈവര്‍ അറിഞ്ഞുവെന്ന് മനസിലാക്കിയ പ്രതി ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി മുങ്ങാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് സമീപം വണ്ടി നിര്‍ത്തി.

വാഹനം നിര്‍ത്തിയ ഉടന്‍ മോഷ്ടാവ് ഓടി രക്ഷപെടാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാന രീതിയില്‍ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസുകളില്‍ ഇതിനുമുമ്പും റാഹില്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ആഢംബര ജീവിതവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലവും ഇയാള്‍ക്കുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ബത്തേരി സിഐ എം.എ സന്തോഷും സംഘവുമാണ് റാഹിലിനെ പിടികൂടിയത്.